യു.എ.ഇയിലെ പള്ളികൾക്ക് പ്രത്യേക ഭംഗിയാണ്. അതിൽ ഇസ്ലാമിക വാസ്തുവിദ്യകൊണ്ട് മനോഹരമാണ് ഷാർജയിലെ പള്ളികൾ. പ്രത്യേകതയുള്ള താഴികക്കുടങ്ങളും കാലിഗ്രഫിയുടെ മനോഹാരിതയും പരമ്പരാഗത രീതിയിൽ അലങ്കരിച്ച വിളക്കുകളും ഷാർജയിലെ പള്ളികളെ വേറിട്ടുനിർത്തുന്നു. ഷാർജയിലെ ഏറ്റവും വലിയ പള്ളിയായ ഷാർജ മസ്ജിദിനെ വേറിട്ടു നിർത്തുന്നതും പള്ളിയുടെ നിർമാണത്തിലെ വൈവിധ്യം തന്നെയാണ്. നിർമാണ ശൈലികൊണ്ടും വാസ്തുവിദ്യകൊണ്ടും വേറിട്ടുനിൽക്കുന്ന ഷാർജ മസ്ജിദിൽ എല്ലാ മതസ്ഥർക്കും പ്രവേശിക്കാനാകും.
കാൽലക്ഷം പേർക്ക് ഒരേസമയം പ്രാർഥന നിർവഹിക്കാവുന്ന പള്ളിയിൽ സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2014ലാണ് പള്ളി നിർമാണത്തിന് ശൈഖ് സുൽത്താൻ ഉത്തരവിട്ടത്. തുർക്കിയിലെ പള്ളികളുടെ ഒട്ടോമന്‍ ശിൽപ കലാമാതൃകയിൽ നിർമിച്ച പൂന്തോട്ടമുൾപ്പെടെ 1,86,000 ചതുരശ്ര മീറ്ററിലാണ് നിർമാണം. പള്ളിയുടെ പ്രധാന ഹാളില്‍ 5000 പേർക്ക് പ്രാർഥന നിർവഹിക്കാനാകും.
പരമ്പരാഗത ഇമാറാത്തി നിർമാണ ശൈലിയായ കുന്ദേകാരി രീതിയിൽ തടികൊണ്ട് നിർമിച്ച കൊത്തുപണികളിൽ തീർത്ത വാതിലുകളാണ് ഷാർജ മസ്ജിദിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. താഴികക്കുടങ്ങളിൽതന്നെ ഏറെ പ്രത്യേകതയുള്ളതും വലുതുമാണ് ഷാർജ മസ്ജിദിലുള്ളത്. പ്രധാന ഹാളിൽ ഒരുക്കിയ അതിമനോഹരമായ വിളക്കും ഖുർആനിക വചനങ്ങൾകൊണ്ട് അലങ്കരിച്ച പള്ളിയുടെ ചുമരിലെ കാലിഗ്രഫിയുടെ അഴകും ഷാർജ മസ്ജിദിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള മുസ്ലിം ഇതര സന്ദർശകരെയും വിജ്ഞാന സ്നേഹികളെയും സ്വാഗതം ചെയ്യുന്നതിന് പള്ളിയിൽ ഇസ്ലാമിക കൃതികളാൽ സമ്പന്നമായ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ഇസ്ലാമിക കാലഘട്ടങ്ങളിലെ പുസ്തകങ്ങളുടെയും പുരാവസ്തുക്കളുടെയും ശേഖരം തന്നെ ഷാർജ മസ്ജിദിലെ കലക്ഷൻ ഹാളിൽ ഉണ്ട്.
ഷാർജയിലെ ഏറ്റവും വലിയ പള്ളിയും ശൈഖ് സായിദ് മസ്ജിദിനുപിന്നിൽ യു.എ.ഇയിലെ രണ്ടാം സ്ഥാനത്തുള്ള പള്ളിയുമാണ് ഷാർജ മസ്ജിദ്. സന്ദർശകർക്കായി പ്രത്യേക മ്യൂസിയവും ലഘു ഭക്ഷണശാലയും മസ്ജിദിൽ ഒരുക്കിയിട്ടുണ്ട്. പൂക്കളുടെ സുഗന്ധം ആസ്വദിക്കാവുന്ന, പൂന്തോട്ടത്താൽ ചുറ്റപ്പെട്ട പള്ളിയിൽ ജലധാരയും വെള്ളച്ചാട്ടവും പുൽമേടുകളോടുചേർന്ന് ഇരിപ്പിടവും ഒക്കെയായി വിശാലമായ വിശ്രമസ്ഥലവുമുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾക്ക് അകത്തും പുറത്തും പാർക്ക് ചെയ്യാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എമിറേറ്റ് റോഡിനും മലീഹ റോഡിനും സമീപം അൽതായിലാണ് ഈ മനോഹരമായ പള്ളി നിർമിച്ചിരിക്കുന്നത്. കൊത്തുവേലകൾ കൊണ്ടും മനോഹരമായ വിളക്കുകൾ കൊണ്ടും വേറിട്ടുനിൽക്കുന്ന ഷാർജ മസ്ജിദ് 30 കോടി ദിർഹം ചെലവിട്ടാണ് പൂർത്തിയാക്കിയത്. 2019ലെ റമദാനിലാണ് പള്ളിയുടെ ഉദ്ഘാടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.