ഷാർജ: ഷാർജ പൊലീസിന്റെ ആംബുലൻസുകൾ ഇനി യു.എ.ഇയിൽ എല്ലായിടത്തും സൗജന്യമായി എത്തും.
പരിക്കേറ്റവരെയും രോഗികളെയും യു.എ.ഇയിലുടനീളമുള്ള ഏതു സ്ഥലത്തും സൗജന്യമായി എത്തിക്കുന്ന ആംബുലൻസ് സംവിധാനം വികസിപ്പിച്ചെടുക്കാൻ പൊലീസിനോട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. എമിറേറ്റിന്റെ ദേശീയ ആംബുലൻസുകളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഉണ്ടായാലാണ് ഷാർജ പൊലീസ് ആംബുലൻസിന്റെ സഹായം ലഭിക്കുക. സോഷ്യൽ സർവിസ് ഡിപ്പാർട്മെന്റിന്റെ ഏകോപനത്തോടെയാണ് ഷാർജ പൊലീസ് ആംബുലൻസുകൾ പ്രവർത്തിക്കുന്നത്.
യു.എ.ഇയിലെ ഏത് എമിറേറ്റിലെയും ആശുപത്രികളിൽ രോഗികളെയും പ്രായമായവരെയും കൊണ്ടുപോകാൻ സൗജന്യ ആംബുലൻസ് സേവനം നൽകുമെന്ന് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ്അൽ സാരി അൽ ഷംസി പറഞ്ഞു.
2018 മുതൽ 21,416 കേസുകളും 2022ൽ 5034 കേസുകളും ആംബുലൻസ് സംഘം കൈകാര്യം ചെയ്തു. അബൂദബിയിലെ ഖലീഫ, ക്ലീവ്ലാൻഡ് ക്ലിനിക് എന്നീ ആശുപത്രികളിലേക്കും അൽഐനിലെ തവാം ആശുപത്രിയിലേക്കും പ്രായമായവർക്ക് ആംബുലൻസ് സേവനം സൗജന്യമാണെന്നും മേജർ ജനറൽ അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.