ഷാർജ: അബദ്ധത്തിൽ കോയിൻ വിഴുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ സഹപാഠിയുടെ ജീവൻ രക്ഷിച്ച സ്കൂൾ വിദ്യാർഥിക്ക് ഷാർജ പൊലീസിന്റെ ആദരം. നാലാം ക്ലാസുകാരൻ അലി മുഹമ്മദ് ബിൻ ഹരിബ് അൽ മുഹൈരിയുടെ സന്ദർഭോചിത ഇടപെടലാണ് സഹപാഠിയുടെ ജീവൻ രക്ഷിച്ചത്. അൽ ഹംറിയ ഏരിയയിലെ അൽ ക്വാലിയ പ്രൈമറി സ്കൂളിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ബ്രേക് ടൈമിൽ കളിച്ചുകൊണ്ടിരിക്കെ സഹപാഠി ശ്വാസംകിട്ടാതെ പിടയുന്നത് കണ്ട മുഹൈരി ഓടിയെത്തുകയും കാര്യമന്വേഷിക്കുകയുമായിരുന്നു.
വായിലേക്ക് വിരൽചൂണ്ടിയ സുഹൃത്ത് ശ്വാസംകിട്ടുന്നില്ലെന്ന് ആംഗ്യം കാണിച്ചു. എന്തോ വിഴുങ്ങിയതാണെന്ന് മനസ്സിലാക്കിയ അലി സുഹൃത്തിന്റെ വയറ്റിൽ ശക്തിയായി അമർത്തുകയും ഇതോടെ കുട്ടി കോയിൻ ഛർദിക്കുകയുമായിരുന്നു. അലിയുടെ ധീരമായ നടപടി അറിഞ്ഞ സ്കൂൾ അധികൃതർ അഭിനന്ദിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് ഷാർജ പൊലീസ് കുട്ടിയെ ആദരിക്കാൻ തീരുമാനിച്ചത്. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും അലിയുടെ പിതാവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.