ഷാർജ: അനധികൃതമായി രാജ്യത്ത് തങ്ങിയവർക്ക് ഷാർജയിലെ ഒരു സർവിസ് സെന്റർ വഴി പൊതുമാപ്പ് ലഭിക്കുമെന്ന വാർത്ത അഭ്യൂഹമാണെന്ന് പൊലീസ് അറിയിച്ചു.
മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികാരികളിൽനിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കിംവദന്തികൾ പ്രചരിപ്പിക്കുന്നതും വിശ്വസനീയമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിവരങ്ങളുടെ സ്രോതസ്സ് പരിശോധിച്ച് ഔദ്യോഗിക ഉറവിടത്തിൽനിന്നോ, യോഗ്യതയുള്ള അധികാരികളുടെ പ്ലാറ്റ്ഫോമുകളിൽനിന്നോ മാത്രമേ ഇത്തരം കാര്യങ്ങൾ എടുക്കാൻ പാടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
അഭ്യൂഹം പ്രചരിപ്പിക്കുകയോ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കഴിഞ്ഞദിവസം യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടർ ഓർമപ്പെടുത്തിയിരുന്നു. ഫെഡറൽ നിയമത്തിന്റെ ആർടിക്ൾ 52 പ്രകാരം അഭ്യൂഹം പ്രചരിപ്പിക്കുന്നതിനും തെറ്റായ വാർത്തകൾ നൽകുന്നതിനും ശിക്ഷ ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ്. പ്രസിദ്ധീകരിച്ച വിവരം ഏതെങ്കിലും തരത്തിലുള്ള അധികാരികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ അല്ലെങ്കിൽ പകർച്ചവ്യാധികൾ, പ്രതിസന്ധികൾ, അത്യാഹിതം, ദുരന്തങ്ങൾ എന്നിവയുടെ സമയത്ത് പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്താൽ പിഴ രണ്ടു ലക്ഷവും തടവ് രണ്ടു വർഷവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.