ഷാർജ: കഴിഞ്ഞ വർഷം ഷാർജ പൊലീസ് നടത്തിയ വിവിധ നീക്കങ്ങളിലൂടെ എമിറേറ്റിൽനിന്ന് പിടികൂടിയത് 1.1 ടൺ മയക്കുമരുന്നും 45 ലക്ഷം നിരോധിത ഗുളികകളും. വിപണിയിൽ 11.53 കോടി ദിർഹം വിലവരുന്നതാണ് മയക്കുമരുന്നുകൾ. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ 1003 വെബ്സൈറ്റുകൾ പൊലീസ് ബ്ലോക്ക് ചെയ്തു. എമിറേറ്റിനകത്ത് മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാനുള്ള 600 നീക്കങ്ങളും പൊലീസിന് തകർക്കാനായി. 2022നെ അപേക്ഷിച്ച് മയക്കുമരുന്ന് പിടികൂടുന്നതിൽ 24 ശതമാനം വർധന വരുത്താനും ഷാർജ പൊലീസിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർഷിക അവലോകന യോഗത്തിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സാരി അൽ ശംസിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ജനവാസമേഖലകളിലും കമ്യൂണിറ്റി ഏരിയകളിലും പുതിയ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ സ്ഥാപിച്ച് സേനയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇത്തരം കണക്കുകൾ എങ്ങനെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സ്ഥലങ്ങൾ ഏതെന്ന് തിരിച്ചറിയാൻ കുറ്റകൃത്യങ്ങളുടെ കണക്കുകൾ സഹായിക്കും. അതോടൊപ്പം കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡുകളിൽ തൽസമയം നിരീക്ഷണം സാധ്യമാക്കുന്നതും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റകഗ്നിഷൻ (എ.എൻ.പി.ആർ) സംവിധാനമുള്ളതും ഉൾപ്പെടെ എമിറേറ്റിനകത്ത് വാഹന നിരീക്ഷണം ശക്തമാക്കുന്നതിനായി 89,772 കാമറകളാണ് ഇതുവരെ സ്ഥാപിച്ചത്. അതോടൊപ്പം കൂടുതൽ റഡാറുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഷാർജ ട്രാഫിക് പൊലീസ് ഡയറക്ടർ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.
ട്രാഫിക് നിയമലംഘന പിഴകളിൽ 35 ശതമാനം ഇളവ് അനുവദിച്ചതിലൂടെ കൂടുതൽ പേർ പിഴത്തുക അടക്കാനും ലൈസൻസ് പുതുക്കാനും മുന്നോട്ടുവന്നു. ഇതുവഴി 2,42,000 ലൈസൻസുകൾ പുതുക്കി നൽകാനായി. പുതിയ ഇളവ് പ്രഖ്യാപിച്ച ശേഷം രണ്ടു മാസത്തിനുള്ളിൽ 63 ശതമാനം പേരും പിഴത്തുക അടക്കാൻ തയാറായി. കാറുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി റെഡ്, ഗ്രീൻ സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്ന 48 എ.ഐ ട്രാഫിക് സിഗ്നലുകളാണ് എമിറേറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.