ഷാർജ: റമദാനിൽ ഭിക്ഷാടനത്തിന് എത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഷാർജ പൊലീസ് രംഗത്ത്. ഇത്തരം യാചകർ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. റമദാനിൽ വിശ്വാസികൾ ദാനധർമങ്ങൾ വർധിപ്പിക്കുന്ന സാഹചര്യം മുതലെടുക്കാൻ പല ഭാഗങ്ങളിൽനിന്നും യാചകർ എത്തുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
പൊതുശല്യമെന്ന നിലയിലും രാജ്യത്തിന്റെ പ്രതിച്ഛായ വികലമാക്കുന്ന പ്രവൃത്തി എന്ന നിലയിലുമാണ് ഭിക്ഷാടനത്തെ വിലയിരുത്തുന്നതെന്ന് അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ പുറത്തിറക്കിയ ബോധവത്കരണ അറിയിപ്പിൽ പൊലീസ് ചൂണ്ടിക്കാട്ടി. ‘ഭിക്ഷാടനം കുറ്റവും ദാനം ഉത്തരവാദിത്തവുമാണ്’ എന്ന തലക്കെട്ടിലാണ് ബോധവൽകരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഷാർജ പൊലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബോധവൽകരണ സന്ദേശങ്ങൾ നിരന്തരം പ്രചരിപ്പിക്കുമെന്നും ‘സീസണൽ യാചന’ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രി. ആരിഫ് ബിൻ ഹുദൈദ് പറഞ്ഞു.
80040, 901 എന്നീ നമ്പറുകളിലൂടെയോ ഷാർജ പൊലീസിന്റെ സ്മാർട്ട് ആപ്പിലും വെബ്സൈറ്റിലും ലഭ്യമായ ‘ഗാർഡ്’ സേവനത്തിലൂടെയോ പട്രോളിങ് വാഹനത്തിൽ നേരിട്ടോ ഭിക്ഷാടനം സംബന്ധിച്ച വിവരം അറിയിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റു എമിറേറ്റുകളിലെ പൊലീസ് സേനകളും യാചനക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. യു.എ.ഇയില്‍ സംഘടിത യാചനക്ക് കുറഞ്ഞത് ഒരു ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. രണ്ടോ അതിലധികമോ പേരെ ഉള്‍പ്പെടുത്തി സംഘടിത ഭിക്ഷാടനം നടത്തുന്നവരെയാണ് കടുത്ത ശിക്ഷ കാത്തിരിക്കുന്നത്.
സ്വന്തം നിലക്ക് ഭിക്ഷാടനത്തിന് ഇറങ്ങുന്നവക്ക് കുറഞ്ഞത് അയ്യായിരം ദിര്‍ഹം പിഴയും മൂന്നുമാസം തടവോ അതുമല്ലെങ്കിലും രണ്ടുശിക്ഷകളും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഓണ്‍ലൈനിലൂടെ നടത്തുന്ന ഇത്തരം സഹായ അഭ്യര്‍ഥനകള്‍ക്കും നിയമം ബാധകമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് നേരത്തേ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.