ഷാർജ: കാലം ഏറെ മുന്നിലെത്തിയാലും പിന്നിട്ട നൂറ്റാണ്ടുകളെ മറക്കാത്തവരുടെ കൂട്ടത്തിൽ അറബികൾക്ക് പ്രഥമ സ്ഥാനമുണ്ട്. റമദാനിലെ അത്തരമൊരു പൈതൃക വിശേഷമാണ് നോമ്പ് തുറയുടെ സമയം അറിയിച്ച് മുഴക്കുന്ന പീരങ്കി. ഇത്തവണയും ഷാർജയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും ഉപനഗരങ്ങളിൽ നിന്നും ഇഫ്താർ പീരങ്കികൾ മുഴങ്ങുമെന്ന് ഷാർജ പൊലീസിലെ സ്പെഷൽ ടാസ്ക് മാനേജ്മെൻറിലെ സെക്യൂരിറ്റി ആൻഡ് ഗാർഡ് തലവൻ ലെഫ്. കേണൽ ഖാലിദ് അൽ അസ്വാദ് പറഞ്ഞു. അതീവ സുരക്ഷകൾ പാലിച്ചും എന്നാൽ പ്രദേശ വാസികൾക്ക് വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിലുമായിരിക്കും പീരങ്കികൾ സ്ഥാപിക്കുക.
ഇവയുടെ പ്രവർത്തന നിലവാരം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഷാർജയിലെയും ഉപനഗരങ്ങളിലെയും ഏറെ പ്രാധാന്യമുള്ള 11 ഇടങ്ങളിലാണ് ഇക്കുറി പിരങ്കികൾ സ്ഥാപിക്കുകയെന്ന് ഖാലിദ് പറഞ്ഞു. പിരങ്കി മുഴക്കുന്നത് കാണുവാൻ എത്തുന്നവർക്ക് ലഘു നോമ്പ് തുറയും ലഭിക്കാറുണ്ട്. 1803 മുതൽ 1866 വരെ ഷാർജ ഭരിച്ചിരുന്ന ശൈഖ് സുൽത്താൻ ബിൻ സാഖർ അൽ ഖാസിമിയുടെ ഭരണ കാലത്ത് തുടങ്ങിയതാണ് ഇഫ്താർ പീരങ്കി മുഴക്കൽ.
ബാങ്ക് വിളിക്കാൻ ആധുനിക ഉപകരണങ്ങൾ തുലോം കുറവായിരുന്ന ആ കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്നു ഇവകൾക്ക്. കടലിലും മരുഭൂമിയിലും കച്ചവടത്തിനായി പോയ വർത്തക സംഘങ്ങളെ നോമ്പ്തുറയുടെ സമയം അറിയിക്കാനായിരുന്നു ഭരണാധികാരി ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഇന്ന് മനുഷ്യ ശരീരത്തിലെ 79ാമത്തെ അവയവമായിതന്നെ വിശേഷിപ്പിക്കുന്ന സ്മാർട് ഫോണിൽ നിന്ന് കൃത്യസമയത്ത് തന്നെ ബാങ്ക് വിളിയും നമസ്ക്കാര സമയം അറിയിച്ചുള്ള ഇഖാമത്തും കേൾക്കാൻ സൗകര്യമുണ്ട്. എന്നിരുന്നാലും ആ പഴയ കാലത്തെ മറക്കാൻ ഷാർജക്ക് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.