ഷാർജ: ചൂട് കനക്കുന്നതോടെ വാഹനസംരക്ഷണത്തിൽ ബോധവത്കരണ കാമ്പയിനുമായി ഷാർജ പൊലീസ് രംഗത്ത്. കൃത്യസമയത്ത് അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുകയാണ് കാമ്പയിൻ ലക്ഷ്യം. ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ അടുത്ത മൂന്നു മാസക്കാലം നീണ്ടുനിൽക്കും. കൃത്യസമയത്ത് വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവക്കായി കാമ്പയിൻ കാലയളവിൽ പ്രത്യേക ഓഫറുകൾ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 31ന് മുമ്പ് ട്രാഫിക് പിഴശിക്ഷ ലഭിച്ചവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. പൊലീസ് പിഴയിലും 35 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിതസമയത്ത് വാഹന രജിസ്ട്രേഷൻ പുതുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും മറ്റും കാമ്പയിൻ കാലയളവിൽ വിതരണംചെയ്യും. അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞ ആറു മാസത്തിനിടെ ഷാർജ എമിറേറ്റിൽ 263,804 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിനായി 18 പരിശോധന കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
വാഹന രജിസ്ട്രേഷന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി മുമ്പും ഷാർജ പൊലീസ് കാമ്പയിനുകൾ നടത്തിയിരുന്നു. എന്നാൽ, പൊതുജനങ്ങൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുന്നത് ഇക്കുറി ഇതാദ്യമാണ്. കൂടുതൽ പരിശോധനാ കേന്ദ്രങ്ങളും ഇത്തവണ സജ്ജമാക്കിയതായി ഷാർജ വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് പറഞ്ഞു. വാഹനങ്ങളുടെ ക്ഷമത പൂർണമായും ഉറപ്പുവരുത്തിയാണ് രജിസ്ട്രേഷൻ പുതുക്കിനൽകുന്നത്. കൊടുംചൂട് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ടയറുകളുടെ സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.