ഷാർജ: ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം 30 വയസ്സുള്ള രോഗിയുടെ പ്ലീഹ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആയിരത്തിൽ ഒരാൾക്ക് മാത്രമേ ഇത്തരം അസുഖം വരാറുള്ളു എന്നതിനാൽ ഏറ്റവും പ്രയാസമേറിയതും അപൂർവവുമായ ശസ്ത്രക്രിയകളിലൊന്നായാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയും കൺസൽട്ടന്റുമായ ഡോ. ഇബ്രാഹിം അൽ നുജൂമി പറഞ്ഞു. പ്രഫഷനൽ മെഡിക്കൽ കേഡറുകൾക്ക് പുറമെ ഏറ്റവും പുതിയ ഹൈടെക് ഉപകരണങ്ങൾ ഇത്തരം സങ്കീർണമായ കേസുകളുടെ വിജയത്തിന് വളരെയധികം പിന്തുണ നൽകിയെന്ന് കുവൈത്ത് ഹോസ്പിറ്റൽ ഡയറക്ടർ അംന കറം പറഞ്ഞു.
ഏതാണ്ട് 12 സെ.മീ. നീളവും ഏഴു സെ.മീ. വീതിയുമുള്ള മാർദവമേറിയ ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്പ്ലീൻ. ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്. ലിംഫാറ്റിക് വ്യവസ്ഥയിൽ പെട്ട ഈ അവയവത്തിന്റെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ്. ഇതിന് ഗർഭസ്ഥ ശിശുവിൽ രക്തം നിർമിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവെക്കാനും സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.