ഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ത്രിമാന ആർട്ട് ഇൻസ്റ്റലേഷൻ ചെയ്യുന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജയാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷാർജ എക്സ്പോ സെന്ററിൽ ത്രിമാന ആർട്ട് ഇൻസ്റ്റലേഷൻ ചെയ്യുന്നത്.
ഷാർജ എക്സ്പോ സെന്ററിൽ ജൂൺ 19ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഷാർജ ഗവൺമെന്റ് ജില്ല ഗ്രാമകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽഖാസിമി ഇൻസ്റ്റലേഷൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ ചടങ്ങിൽ മുഖ്യാതിഥിയാവും. മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷാണ് ഒരു ലക്ഷം പുസ്തകങ്ങൾ ഉപയോഗിച്ച് ആർട്ട് ഇൻസ്റ്റലേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. 60 അടി നീളവും 30 അടി വീതിയുമുള്ള ആർട്ട് ഇൻസ്റ്റലേഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. രണ്ടാഴ്ചയിലധികം ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. പുസ്തകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ ത്രിമാന ആർട്ട് ഇൻസ്റ്റലേഷൻ ആയിരിക്കുമിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഒരേസമയം 5,000ത്തോളം പേർക്ക് മൊബൈലിൽ കാണാനുള്ള അത്യാധുനിക സൗകര്യവും ഒരുക്കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം പുസ്തകങ്ങളാണ് ഇതിനായി വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ചിരുന്നത്.
ജൂൺ 19 മുതൽ 29 വരെ ആർട്ട് ഇൻസ്റ്റലേഷൻ സന്ദർശകർക്കായി പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെയാണ് പ്രദർശന സമയം. 10 ദിവസത്തെ പ്രദർശനത്തിന് ശേഷം ഈ പുസ്തകങ്ങൾ കേരളത്തിലെ വായനശാലകൾക്ക് സംഭാവന ചെയ്യാനാണ് തീരുമാനമെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം പറഞ്ഞു. അസോസിയേഷൻ ജന. സെക്രട്ടറി ടി.വി. നസീർ, ജോയന്റ് ജന. സെക്രട്ടറി മനോജ് വർഗീസ്, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ട്രഷറർ ടി.കെ. ശ്രീനാഥ്, കമ്മിറ്റി അംഗങ്ങളായ ഹരിലാൽ, റോയ് മാത്യൂ, സുനിൽ രാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.