ദുബൈ: യു.എ.ഇ കടലിലെ സ്രാവുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും എണ്ണം കുറയുന്നതായി കണ്ടെത്തൽ. കാലാവസ്ഥ വ്യതിയാനം, അശാസ്ത്രീയവും വർധിച്ചതുമായ മത്സ്യബന്ധനം, സ്വാഭാവിക ആവാസവ്യവസ്ഥ നശിച്ചത് എന്നിവ കാരണമായാണ് കടൽ ജീവികൾക്ക് വലിയരീതിയിൽ ഭീഷണി നേരിടുന്നത്. ഈ സാഹചര്യത്തിൽ സംരക്ഷിത സമുദ്രജീവികളുടെ പട്ടികയിൽ സ്രാവുകൾ അടക്കമുള്ളവയെ ചേർക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
എല്ലാതരം സ്രാവുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും വംശനാശഭീഷണി സമീപകാലത്ത് ഇരട്ടിയായതായാണ് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്.
ഇതോടൊപ്പം പവിഴപ്പുറ്റുകളിൽ താമസിക്കുന്ന 59 ശതമാനം ജീവികളും ഭീഷണി നേരിടുന്നുണ്ട്. പ്രജനനകാലത്തെ സംരക്ഷണത്തിനായി യു.എ.ഇയിൽ മാർച്ച് മുതൽ ജൂൺ വരെ ചില സ്രാവുകളെയും മത്സ്യങ്ങളെയും വാണിജ്യപരമായി മത്സ്യബന്ധനം നടത്തുന്നത് ഇതിനകം നിരോധിച്ചിട്ടുണ്ട്. എന്നാൽ, മറ്റു മാസങ്ങളിൽ പിടിക്കാനും വിൽക്കാനുമുള്ള അനുവാദമുണ്ട്.
2022ൽ പാനമ കോൺഫറൻസിൽ ലോകരാജ്യങ്ങൾ അംഗീകരിച്ച ധാരണപ്രകാരമുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. നിയമപരമായും സുസ്ഥിര രീതികളിലൂടെയും പിടിക്കുന്ന മത്സ്യങ്ങൾ മാത്രം വ്യാപാരം ചെയ്യാനാണ് കോൺഫറൻസിൽ തീരുമാനിച്ചത്.
യു.എ.ഇയിൽ സംരക്ഷിത മത്സ്യങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷനൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയർ റീജനൽ ഡയറക്ടർ അൽ സൈദ് മുഹമ്മദ് വ്യക്തമാക്കി.
സ്രാവുകൾ പ്രധാനമായും ഭക്ഷണത്തിനായാണ് പിടിക്കപ്പെടുന്നത്. ഇവയുടെ കരൾ എണ്ണ, ചർമം, ചിറകുകൾ, തരുണാസ്ഥി എന്നിവ പല ഉൽപന്നങ്ങളിലും ഉപയോഗിക്കുന്നു. ഗൾഫ് മേഖലയിലെ സമുദ്രത്തിൽ ഏകദേശം 153 ഇനം സ്രാവുകളും മറ്റു സമാന മത്സ്യങ്ങളുമുണ്ട്. ഇവയിൽ പകുതിയും വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നു. ഇതു പരിഗണിച്ച് സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നാലു വർഷത്തെ ദേശീയ കർമപദ്ധതി 2018ൽ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.