ദുബൈ: റോഡിന് നടുവിൽ വീണുകിടന്ന സിമന്‍റ് കട്ടകൾ എടുത്തുമാറ്റിയപ്പോൾ അബ്ദുൽ ഗഫൂർ അബ്ദുൽ ഹക്കീം എന്ന ഡെലിവറി ബോയ് ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. തന്നെപ്പോലെ റോഡിലൂടെ പാഞ്ഞുപോകുന്നവരെ അപകടത്തിൽവീഴ്ത്തുന്ന ചെറിയൊരു തടസം നീക്കുക എന്നത് മാത്രമായിരുന്നു മനസിൽ. സിഗ്നലിനപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിലിരുന്ന് ആരോ ചിത്രീകരിച്ച വീഡിയോയിലൂടെ അബ്ദുൽ ഗഫൂറിന്‍റെ നൻമ ലോകം അറിഞ്ഞപ്പോൾ തേടിയെത്തിയത് സാക്ഷാൽ ശൈഖ് ഹംദാൻ.
രണ്ടാഴ്ച മുൻപ് ഗഫൂറിന് സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇപ്പോൾ അദ്ദേഹത്തെ നേരിൽ വിളിച്ച് ആദരിച്ചിരിക്കുകയാണ്. അബ്ദുൾ ഗഫൂറിനെ കണ്ടുമുട്ടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രവൃത്തി പിന്തുടരേണ്ട യഥാർഥ മാതൃകയാണെന്നും ശൈഖ് ഹംദാൻ ട്വിറ്റിൽ കുറിച്ചു. ഗഫൂറിന്‍റെ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രം സഹിതമാണ് ഹംദാന്‍റെ ട്വീറ്റ്.
രണ്ടാഴ്ച മുൻപാണ് പാകിസ്താൻ സ്വദേശിയായ ഡെലവറി ബോയ് അബ്ദുൽ ഗഫൂറിന്‍റെ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ട്രാഫിക് സിഗ്നൽ ചുവപ്പു കത്തിയപ്പോൾ ഒരു ഭാഗത്തുനിന്ന് ഹെൽമറ്റ് ധരിച്ചെത്തിയ 27കാരൻ റോഡിൽ വീണുകിടന്ന രണ്ടു വലിയ സിമൻറ്കട്ടകൾ എടുത്തുമാറ്റുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ശ്രദ്ധയിലെത്തി.
ദുബൈ നഗരത്തിൽ ലാഭേച്ഛയില്ലാതെ ചെയ്ത സേവനത്തിന് അഭിനന്ദിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഡെലിവറി ബോയ്യെ കണ്ടെത്താൻ സഹായിക്കണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യത്തിന് മണിക്കൂറിനകം ഉത്തരം കിട്ടി. ആളെ തിരിച്ചറിഞ്ഞതോടെ നമ്മൾ ഉടൻ കാണും എന്ന കുറിപ്പോടെ ചിത്രസഹിതം ശൈഖ് ഹംദാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. അബ്ദുൽ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് പുറത്താണിപ്പോഴെന്നും തിരിച്ചെത്തിയാൽ നേരിട്ട് കാണാമെന്നുമായിരുന്ന ഹംദാൻ ഫോണിൽ അറിയിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഹംദാൻ വൈകാതെ തന്നെ വാക്കുപാലിച്ചിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.