ദുബൈ: ഹത്ത ഫെസ്റ്റിവലിന്റെ ആദ്യ സീസൺ ഗംഭീര വിജയമാണെന്നും മേള വാർഷിക പരിപാടിയാക്കുമെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഫെസ്റ്റിവൽ വേദി സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്.
ഹത്ത ഫെസ്റ്റിവലിന്റെ വൈവിധ്യമാർന്ന പരിപാടികൾ അടുത്തറിയാൻ സന്ദർശനത്തിലൂടെ സാധിച്ചു. മേഖലയിലെ താമസക്കാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് ഗുണകരമാകുന്ന പദ്ധതികൾ സന്തോഷം നൽകുന്നതാണ്.
ഹത്തയിലെ മനോഹരമായ ശൈത്യം അനുഭവിക്കാനെത്തിയ കുടുംബങ്ങളെ കാണാനായതിലും അതിയായ സന്തോഷമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ഹത്ത മേഖലയെ കൂടുതൽ വികസിപ്പിക്കാനും അതിന്റെ സമ്പന്നമായ ചരിത്രം ലോകത്തിന് പരിചയപ്പെടുത്താനും പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
ദുബൈയെ ആഗോള ടൂറിസം കേന്ദ്രമാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഹത്തയിലും നൂതനമായ പരിപാടികൾ അധികൃതർ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചുവരുന്നത്.
ഹത്ത ഫെസ്റ്റിവലിന്റെ ഉദ്ഘാടന എഡിഷൻ ഡിസംബർ 15നാണ് ആരംഭിച്ചത്. ഹത്ത വാദി ഹബ്ബിലും പുതുതായി വികസിപ്പിച്ച ലീം തടാകത്തിലുമായാണ് വിവിധ പരിപാടികൾ അരങ്ങേറിയത്. പരമ്പരാഗത സംഗീത പരിപാടികൾ, ഭക്ഷ്യ-പാനീയ കടകൾ, കലാ ശിൽപശാലകൾ, ഹത്ത തേനുത്സവം എന്നിവ മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
ഞായറാഴ്ചയാണ് ഫെസ്റ്റിവൽ സമാപിക്കുന്നത്. ദുബൈ എമിറേറ്റിന്റെ ഭാഗമായ ഹത്ത പ്രദേശം ഹജ്ർ മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നതും ഒമാനുമായി അതിർത്തി പങ്കിടുന്നതുമായ സ്ഥലമാണ്. ഇവിടെ നിരവധി വികസന പ്രവർത്തനങ്ങളും ടൂറിസം പദ്ധതികളുമാണ് ദുബൈ സർക്കാർ നടപ്പാക്കിവരുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2021 ഒക്ടോബറിലാണ് ഹത്തയിലേക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.2022 ജനുവരിയിൽ മെഗാ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉന്നതാധികാര സമിതിയെയും തെരഞ്ഞെടുത്തിരുന്നു.ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പ്ലാൻ ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.