ദുബൈ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്തിയ ശേഷം മടങ്ങിയെത്തിയ ദുബൈ ദൗത്യ സംഘവുമായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കൂടിക്കാഴ്ച നടത്തി.
യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലൻഡ് നൈറ്റ്-2’ ഓപറേഷനിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദുബൈ പൊലീസിലെയും ദുബൈ ആംബുലൻസ് കോർപറേഷനിലെയും സംഘവുമായാണ് കൂടിക്കാഴ്ച നടത്തിയത്. ദുബൈ എക്സ്പോ സിറ്റിയിലായിരുന്നു കൂടിക്കാഴ്ച. ദുരന്ത മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെ ശൈഖ് ഹംദാൻ അഭിനന്ദിച്ചു.
ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്, സംഘത്തിന് നേതൃത്വം നൽകിയ കേണൽ ഖാലിദ് ഇബ്രാഹിം അൽ ഹമ്മദി വിവരിച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടാനുള്ള യു.എ.ഇ സംഘത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു രക്ഷാപ്രവർത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ പകർന്നുനൽകിയ മനുഷ്യത്വ മാതൃക പിന്തുടരുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.