ദുബൈ: എഴ് എമിറേറ്റുകളിലൂടെ കടന്നുപോകുന്ന യു.എ.ഇയുടെ വമ്പൻ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അബൂദബി ക്രൗൺപ്രിൻസ് കോർട്ട് ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ദുബൈ എമിറേറ്റ്സ് ടവറിൽ നടന്ന യോഗത്തിലാണ് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തത്. യു.എ.ഇയുടെ സുപ്രധാന പദ്ധതിയായ ഇത്തിഹാദ് റെയിൽ രാജ്യത്തിന്റെ ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ശൈഖ് ഹംദാൻ കൂടിക്കാഴ്ചക്കുശേഷം ട്വീറ്റ് ചെയ്തു.
ഏറ്റവും ഉയർന്ന പാരിസ്ഥിതിക, സുരക്ഷ ഗുണനിലവാരത്തിൽ നിർമിക്കുന്ന പദ്ധതിക്ക് 50 ശതകോടി ദിർഹമാണ് ചെലവ് വകയിരുത്തിയത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി. മീറ്റർ വേഗതയിലാണ്.
സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക് ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽവഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിന്റെ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.