അബൂദബി: അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ശൈഖ് ഖലീഫയുടെ മരണവിവരം അറിയിച്ചതിന് ദിവസങ്ങൾക്കുശേഷം ആദ്യമായി ട്വിറ്ററിൽ കുറിച്ച വാക്കുകളിലാണ് സഹോദരനെ കുറിച്ച് പറയുന്നത്.
വിജ്ഞാനവും ഔദാര്യവും കൊണ്ട് എന്റെ സഹോദരൻ ഖലീഫ ബിൻ സായിദ് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയവും രാജ്യത്തിന്റെ രക്ഷിതാവുമായിരുന്നു. അദ്ദേഹം വളരയധികം സ്നേഹിക്കപ്പെട്ടു. അതിനാൽ വളരെ ആഴത്തിൽ ആ അസാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെടും. എന്നാൽ, ആ പൈതൃകം എന്നുമെന്നും നിലനിൽക്കും -ശൈഖ് മുഹമ്മദ് ഇംഗ്ലീഷിൽ കുറിച്ച ട്വീറ്റിൽ അനുസ്മരിച്ചു.
അറബിയിൽ കുറിച്ച മറ്റൊരു ട്വീറ്റിൽ തന്നിൽ ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഏറെ ഭാരമുള്ളതാണെന്നും കരുത്തിനും വിജയത്തിനും സഹായത്തിനുമായി ദൈവത്തോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് ഖലീഫയും പിതാവും യു.എ.ഇയുടെ പ്രഥമ പ്രസിഡന്റുമായ ശൈഖ് സായിദ് ബിൻ സുൽത്താനും ഒപ്പമുള്ള ഒരു ചിത്രവും, ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും ഒരുമിച്ചുള്ള മറ്റൊരു ചിത്രവും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. സഹോദരന്റെ വേർപാടിലെ തന്റെ ദുഃഖവും, പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച ആദ്യ പ്രതികരണവുമാണ് ട്വീറ്റിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.