ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വേർപാടിൽ യു.എൻ ജനറൽ അസംബ്ലി പ്രത്യേക അനുസ്മരണ യോഗം ചേർന്നു. ചടങ്ങിൽ ലോകരാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുമ്പിൽ സംസാരിച്ച സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആൽ നഹ്യാൻ കുടുംബത്തിനും സർക്കാറിനും യു.എ.ഇയിലെ ജനങ്ങൾക്കും തന്‍റെ അഗാധമായ അനുശോചനം അറിയിച്ചു.
ശൈഖ് ഖലീഫ മഹാനായ ഭരണാധികാരിയായിരുന്നുവെന്ന് അനുസ്മരിച്ച അദ്ദേഹം, യു.എ.ഇയെ ക്ഷമയോടെയും വിവേകത്തോടെയും നയിച്ച് ലോകത്തിലെ വലിയ മഹാനഗരങ്ങളെ സൃഷ്ടിക്കാൻ ഭരണകാലത്ത് സാധിച്ചതായി പറഞ്ഞു. ശൈഖ് ഖലീഫയുടെ ഉദാരതയെ വലിയ രീതിയിൽ പ്രശംസിക്കാനും ഗുട്ടറസ് സംസാരത്തിൽ സമയം കണ്ടെത്തി.
അബലരായ സമൂഹങ്ങൾക്ക് സഹായമെത്തിക്കാൻ എപ്പോഴും സന്നദ്ധമായിരുന്നു അദ്ദേഹം.
എണ്ണക്കിണറുകളിൽ നിന്ന് വലിയ സമ്പത്ത് ലഭിച്ചപ്പോൾ ഭാവി തലമുറക്കായി ഭൂമിയെ സംരക്ഷിച്ചുള്ള സുസ്ഥിര വികസനത്തിന്‍റെ അനിവാര്യത ശൈഖ് ഖലീഫ തിരിച്ചറിഞ്ഞു. അദ്ദേഹം ജീവിതത്തിലുടനീളം പ്രകടമാക്കിയ വിവേകത്തിൽ നിന്നും നമുക്ക് പ്രചോദനം ഉൾകൊള്ളാം -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ വിവിധ രാജ്യങ്ങളുടെ യു.എന്നിലെ പ്രതിനിധികളും ചടങ്ങളിൽ സന്നിഹിതരായി. നേരത്തെ യു.എൻ രക്ഷാ സമിതിയും ശൈഖ് ഖലീഫക്ക് ആദരമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.