ബക്കിങ്ഹാം: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്ത് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ. ശനിയാഴ്ച കിരീടധാരണ ചടങ്ങിനോടനുബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തിൽ നടന്ന വിരുന്നിൽ പങ്കെടുത്ത അദ്ദേഹം സിംഹാസനത്തിലേറുന്ന ചാൾസ് മൂന്നാമനെ നേരിൽ കണ്ട് ആശംസ അറിയിക്കുകയായിരുന്നു. കാമില രാജ്ഞിക്കും അഭിനന്ദനങ്ങൾ നേർന്ന ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ചാൾസ് രാജാവിന്റെ ഭരണ നേതൃത്വത്തിന് കീഴിൽ ബ്രിട്ടീഷ് ജനതക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
യു.കെയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിലും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിലും രാജകുടുംബത്തിന്റെ നിർണായക ഇടപെടൽ ഓർമിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അത് ദീർഘകാലം നിലനിർത്തുന്നതിലും എലിസബത്ത് രാജ്ഞിയുടെ പങ്കും എടുത്തുപറഞ്ഞു.
സൗദി രാജകുമാരനും സഹമന്ത്രിയും മന്ത്രിസഭാംഗവുമായ തുർക്ക് ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിന്റെ പ്രതിനിധിയായി പങ്കെടുത്തത്. ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജബ്ബാർ അസ്സബാഹ്, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ എന്നിവരും ചാൾസ് രാജാവ് നടത്തിയ വിരുന്നിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.