അബൂദബി: രാജ്യത്തെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഫീസ് കുടിശ്ശികകൾ അടച്ചുവീട്ടാൻ നിർദേശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്ത് സർക്കാർ സ്കൂളുകളിൽ മിക്ക കുട്ടികൾക്കും വിദ്യാഭ്യാസം സൗജന്യമാണ്. എന്നാൽ 20 ശതമാനത്തോളം കുട്ടികൾ ഫീസ് അടക്കേണ്ട കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ്.
സർക്കാർ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത് രാജ്യത്ത് താമസക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കാവും പദ്ധതിയുടെ ഗുണഫലം ലഭിക്കുക. 2023-24 അക്കാദമിക് വർഷത്തെ കടം വരെയുള്ളത് പദ്ധതിപ്രകാരം എഴുതിത്തള്ളും. എമിറേറ്റ്സ് സ്കൂൾ എജുക്കേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഇമാറാത്തി കുട്ടികൾ, യു.എ.ഇ പാസ്പോർട്ടുള്ളവർ, ജി.സി.സി രാജ്യത്തെ പൗരൻമാരുടെ മക്കൾ, ശൈഖ് മുഹമ്മദിന്റെ പ്രത്യേക ഉത്തരവിന് കീഴിലുള്ളവരുടെ മക്കൾ എന്നിവർക്കാണ് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടാത്ത കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിക്കും.
എന്നാൽ, ഇവർ 6,000 ദിർഹം ട്യൂഷൻ ഫീസ് നൽകേണ്ടതുണ്ട്. ഓരോ സ്കൂളിലെയും പ്രവാസി വിദ്യാർഥികളുടെ ശതമാനം 20ന് മുകളിലാകരുതെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഫീസ് കടംവീട്ടാൻ ശൈഖ് മുഹമ്മദ് നൽകിയ നിർദേശം ഇത്തരത്തിലുള്ള വിദ്യാർഥികൾക്കാണ് ഗുണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.