ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ ഒപ്പുവെച്ചതിെൻറ പശ്ചാത്തലത്തിലാണ് നാമനിർദേശം. 1998ലെ നൊബേൽ സമ്മാന ജേതാവും നോർത്തേൺ അയർലൻഡ് മന്ത്രിയുമായിരുന്ന ഡേവിഡ് ട്രിമ്പിളാണ് ഇരുവരുടെയും പേര് നിർദേശിച്ചിരിക്കുന്നത്. മുൻ നൊബേൽ സമ്മാന ജേതാവ് എന്ന അവകാശം ഉപയോഗിച്ചാണ് ട്രിമ്പിൾ നാമനിർദേശം സമർപ്പിച്ചത്. അന്തിമ തീരുമാനം എടുക്കേണ്ടത് അഞ്ചംഗ അവാർഡ് സമിതിയാണ്. കരാർ ഒപ്പുവെച്ചതുവഴി മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുത്തതിെൻറ പേരിലാണ് ശിപാർശ.
ഇതിനു മധ്യസ്ഥത വഹിച്ച മുൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെയും രണ്ടു മാസം മുമ്പ് നൊബേലിന് നാമനിർദേശം ചെയ്തിരുന്നു. സെപ്റ്റംബറിലാണ് യു.എ.ഇയും ഇസ്രായേലും ബഹ്റൈനും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചത്. ട്രംപിെൻറ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചടങ്ങ്.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന് തടയിടാനും മിഡിൽ ഈസ്റ്റിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും വഴിയൊരുക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് കരാർ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.