ശതകോടി അശരണർക്ക്​ അന്നമെത്തും; യു.എ.ഇയുടെ ‘വൺ ബില്യൺ മീൽസ്​​’ ഇത്തവണയും

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്ന യു.എ.ഇയുടെ ‘‘വൺ ബില്യൺ മീൽസ്​’ പദ്ധതി ഇത്തവണയും. റമദാനിൽ പാവപ്പെട്ടവർക്ക്​ ഭക്ഷണമെത്തിക്കുന്ന പദ്ധതി മുൻവർഷത്തിന്‍റെ തുടർച്ചയായി ഇത്തവണയുമുണ്ടാകുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നത്​ വരെ തുടരും.

ലോകത്ത്​ പത്തി​ലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്​ലാമികവുമായ ദൗത്യമെന്ന നിലയിലാണ്​ പദ്ധതി ഇത്തവണയും തുടരുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിലൂടെ വ്യക്​തമാക്കി. വരും ദശകത്തിലേക്ക്​ സുസ്​ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ്​ പദ്ധതി വഴി ഇത്തവണ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. ഫലസ്തീൻ, ലബനൻ, ജോർദൻ, സുഡാൻ, യമൻ, ടുണീഷ്യ, ഇറാഖ്​, ഈജിപ്ത്​, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാശേദ്​, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണ​പൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

Tags:    
News Summary - Sheikh Mohammed announces the launch of 'One Billion Meals'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.