ദുബൈ: വിവിധ ഉൽപന്നങ്ങൾക്ക് ഗന്ധവും രുചിയും രൂപപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമായ ഫെർമിനിച്ചിന്റെ ദുബൈ ആസ്ഥാനം സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ സയൻസ് പാർക്കിലാണ് ഫെർമിച്ചിന്റെ ഗവേഷണ, ഉൽപാദനകേന്ദ്രം പ്രവർത്തിക്കുന്നത്. 60 രാജ്യങ്ങളിലേക്കുള്ള വിവിധ ഉൽപന്നങ്ങൾക്ക് രുചിയും മണവും നിർമിച്ച് നൽകുന്നത് ദുബൈയിലെ ഈ കേന്ദ്രത്തിൽ നിന്നാണ്. പാനീയങ്ങൾ ഉൾപ്പെടെ 400കോടി ജനങ്ങൾ ഉപയോഗിക്കുന്ന പല ഉൽപന്നങ്ങൾക്കും ഈ കമ്പനിയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. റോബോട്ടുകളും എ.ഐ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ വെയർഹൗസും മിശ്രണ സംവിധാനങ്ങളും ശൈഖ് മുഹമ്മദ് വിലയിരുത്തി. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും ദുബൈയിലെത്തിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഫെർമിനിച്ച് പോലുള്ള സ്ഥാപനങ്ങളെ സ്വാഗതം ചെയ്തതെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. 1895ൽ സ്ഥാപിതമായ ഈ കമ്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 85 കേന്ദ്രങ്ങളും 11,000ത്തിലധികം ജീവനക്കാരുമുണ്ട്. ടീകോമിന്റെ ഭാഗമായ ദുബൈ സയൻസ് പാർക്കിലാണ് മിഡിലീസ്റ്റിലെ കേന്ദ്രം പ്രവർത്തിക്കുന്നത്. ടീകോം ചെയർമാൻ മാലിക് അൽ മാലിക്കും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.