അബൂദബി: അഫ്ഗാനിൽ നിന്നെത്തിയ കുടുംബങ്ങളെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് അഫ്ഗാനിൽ നിന്നെത്തിച്ചവരെ അബൂദബിയിലെ ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന അഫ്ഗാനിസ്താനിൽനിന്ന് വരുന്ന ആളുകൾ യാത്രാ രേഖകളും മറ്റും ശരിയാകുന്നതുവരെ അബൂദബി ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് താമസം. അഫ്ഗാനിസ്താനിൽനിന്നെത്തിയ അതിഥികൾക്ക് ആശ്വാസവും ഉറപ്പും നൽകാനും അവരുടെ മാനുഷിക സംരക്ഷണം ഉറപ്പാക്കാനും എല്ലാവിധ പിന്തുണയും സഹായവും നൽകാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു.
ദുരിതബാധിതർക്ക് യു.എ.ഇ സഹായത്തിെൻറയും കാരുണ്യത്തിെൻറയും പ്രതീകമായി നിലകൊള്ളുമെന്നും മാനുഷിക ദൗത്യം നിറവേറ്റുന്നതിനുള്ള ഒരു ശ്രമവും യു.എ.ഇ ഒഴിവാക്കില്ലെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
അബൂദബി എയർപോർട്ട് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹാമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷ സുപ്രീം കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹാമദ് അൽ ഷംസി, അബൂദബി ക്രൗൺപ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂയി, എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി ഫീൽഡ് കമാൻഡർ മുഹമ്മദ് മത്താർ അബ്ദുല്ല അൽ മാരാർ, പൊതുജനാരോഗ്യ സംവിധാനം ഡയറക്ടർ ഡോ. ഫൈസൽ മുസ്ലീഹ് അൽ അഹ്ബാബി, അബൂദബി ആരോഗ്യ വകുപ്പിലെ പ്രതികരണ വകുപ്പ് ഡയറക്ടർ ഇബ്രാഹിം ഫരാജ് റാഷിദ് അൽ മൻസൂരി തുടങ്ങിയവരും ശൈഖ് മുഹമ്മദ് ബിൻ സായിദിനൊപ്പം ഹ്യുമാനിറ്റേറിയൻ സിറ്റി സന്ദർശിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ സംഭാഷണം മൻസൂർ മുഹമ്മദ് ജാബർ വിവർത്തനം ചെയ്തു.
മികച്ച സുരക്ഷയും ഭദ്രതയും ഉറപ്പാക്കി കുട്ടികൾക്കും മുതിർന്നവർക്കും കളിസ്ഥലങ്ങളും വിനോദ സൗകര്യങ്ങളും ഉൾപ്പെടുന്ന സൗകര്യമാണ് അബൂദബി ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്.
മരുന്നും ഭക്ഷണവും ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണിവിടെ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.