അബൂദബി: തലസ്ഥാന നഗരിയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ ഹുദൈരിയാത്ത് ദ്വീപിലെ സൗകര്യങ്ങൾ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സന്ദർശിച്ചു. അബൂദബിയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട പ്രധാന വിനോദ കേന്ദ്രമായി ഈ ദ്വീപ് സമീപ ഭാവിയിൽ മാറുമെന്നും ഒരു മാസത്തിനുള്ളിൽ പ്രധാന വാട്ടർഫ്രണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബത്തീൻ ബീച്ചിന് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഹുദൈരിയാത്ത് ദ്വീപിലേക്ക് മനോഹരമായ സസ്‌പെൻഷൻ ബ്രിഡ്ജ് കടന്നെത്താം. ഹുദൈരിയാത്ത് ദ്വീപിലെ കടൽതീര പാത, ക്യാമ്പിങ് സ്ഥലങ്ങൾ, ജോഗിങ്, സൈക്ലിങ് റൂട്ടുകൾ, റസ്റ്റാറൻറുകൾ എന്നിവ സജ്ജമാക്കിയാണ് സാദിയാത്ത് ദ്വീപ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങിയിരിക്കുന്നത്. ദ്വീപിലെ മൊബൈൽ ഫുഡ് ട്രക്ക് ഉടമകളെ അടുത്ത ആറുമാസത്തേക്ക് വാടകയിൽനിന്ന് ഒഴിവാക്കാൻ ശൈഖ് മുഹമ്മദ് നിർദേശം നൽകി. അബൂദബിയുടെ വിനോദ ടൂറിസം മേഖലയിലെ പ്രധാന ഇടമായി അൽ ഹുദൈരിയാത്ത് ഈ ടൂറിസം സീസണിൽ ജനങ്ങൾക്കിടയിൽ സ്ഥാനം നേടും. കായിക വിനോദത്തിന് ഊന്നൽ നൽകിയുള്ള ഒട്ടേറെ പദ്ധതികൾ സമൂഹത്തിെൻറ ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കും.
കഫേകൾ, സ്‌കേറ്റിങ് റിങ്‌സ്, ചിൽഡ്രൻസ് വാട്ടർ പാർക്ക്, സൈക്കിൾ പാർക്ക്, സർക്യൂട്ട് എക്‌സ് എന്നറിയപ്പെടുന്ന വാട്ടർഫ്രണ്ട് ഏരിയ എന്നിവ ഉൾപ്പെടുന്ന മർസാന സന്ദർശകരെ ആകർഷിക്കും. മർസാനയിലെ എല്ലാ കച്ചവടക്കാർക്കും വാടക ഇളവ് നൽകാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശം നൽകി. ക്യാമ്പിങ് സൗകര്യങ്ങൾ ഉൾപ്പെടുന്ന സ്റ്റാർസ് ഗേറ്റ് ഉൾപ്പെടെ പത്തോളം വിശ്രമ സൗകര്യങ്ങളും ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു. അൽ ഹുദൈരിയാത്ത് വിനോദ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 10 വിവിധ സൗകര്യങ്ങളിൽ ഗേറ്റ് ഓഫ് നുജൂം, സ്‌പോർട്‌സ് വില്ലേജ് 321, ചലഞ്ച് വില്ലേജ്, ഹുദൈരിയാത്ത് ഹെറിറ്റേജ് വാക്ക് എന്നിവയും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിരീക്ഷിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താഹ്നൂൻ ബിൻ സായിദ് ആൽ നഹ്‌യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, അബൂദബി ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം മുഹമ്മദ് അൽ സാബി തുടങ്ങിയവരും ശൈഖ് മുഹമ്മദ് ബിൻ സായിദിനൊപ്പം ഹുദൈരിയാത്ത് ദ്വീപിലെ പുതിയ വിനോദ സൗകര്യങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.