ദുബൈ: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മൂന്നു ദിവസം രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി.
രണ്ട് വ്യത്യസ്ത കാലാവസ്ഥകളാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുക. ഉപരിതലത്തിലും ഉയർന്ന തലത്തിലും അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥ മൂലം മേഘങ്ങൾ രൂപപ്പെടാനിടയാക്കുന്നതാണ് മഴക്ക് കാരണമാകുന്നത്. ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടും.ഇങ്ങനെ രൂപപ്പെടുന്ന മേഘങ്ങൾ കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ച് തീരപ്രദേശങ്ങൾ, ദ്വീപുകൾ, വടക്ക്, കിഴക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും.
ഇതിന്റെ ഫലമായി വ്യാഴാഴ്ച പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴ വ്യാപകമായില്ലെങ്കിലും തീരപ്രദേശങ്ങളിലും വടക്ക്, കിഴക്കൻ മേഖലകളിലും ദിവസം മുഴുവൻ മഴ അനുഭവപ്പെടാം. വെള്ളിയാഴ്ച ഉച്ചക്കുശേഷം മേഘങ്ങൾ കുറഞ്ഞുവരുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. തൽഫലമായി മഴ കുറയുകയും ചെയ്യുമെന്ന് എൻ.സി.എം അറിയിച്ചു.
മഴയോടൊപ്പം പൊടിപലടങ്ങളോടുകൂടിയ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മഴ പെയ്യുന്നതോടെ ബുധനാഴ്ച മുതൽ തണുത്ത കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങുമെന്നും എൻ.സി.എം വ്യക്തമാക്കി. എങ്കിലും വെള്ളിയാഴ്ചയോടെ മാത്രമേ കൂടുതൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങൂ. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. വ്യാഴാഴ്ച അറേബ്യൻ ഗൾഫ് കടൽ ക്ഷോഭിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.