അബൂദബി: അടുത്ത സാമ്പത്തിക വർഷത്തേക്ക് യു.എ.ഇ പ്രഖ്യാപിച്ച 7105 കോടിയുടെ പൊതുബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. ചൊവ്വാഴ്ച അബൂദബിയിൽ ചേർന്ന 18ാമത് നിയമസഭ ചാപ്റ്ററിന്റെ രണ്ടാമത് ഓർഡിനറി സെഷനിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം ലഭിച്ചത്.
2025 സാമ്പത്തിക വർഷത്തേക്കുള്ള സ്വതന്ത്ര ഫെഡറൽ സ്ഥാപനങ്ങളുടെ ബജറ്റിനെയും പൊതുബജറ്റിനെയും ബന്ധിപ്പിക്കുന്ന കരട് ഫെഡറൽ നിയമത്തിനും കൗൺസിൽ അംഗീകാരം നൽകി. എഫ്.എൻ.സി സ്പീക്കർ സഖർ ഖോബാഷ് അധ്യക്ഷത വഹിച്ച സെഷനിൽ ആരോഗ്യ, പ്രതിരോധ മന്ത്രിയും ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സ് സഹ മന്ത്രിയുമായ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി എന്നിവരും പങ്കെടുത്തു.
7105 കോടി വരുമാനവും 7105 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വരുമാനവും ചെലവും തുല്യമാകുന്ന ബജറ്റാണെന്ന് മന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി പറഞ്ഞു. യു.എ.ഇയിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടാണ് ചരിത്രബജറ്റ് പ്രതിനിധാനം ചെയ്യുന്നത്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ കരുത്തും പ്രധാന വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളെ പിന്തുണക്കുന്നതിനുള്ള വിഭവങ്ങളുടെ സുസ്ഥിരതയെയും ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.