അബൂദബി: ഒമ്പത് വര്‍ഷത്തിനുശേഷം മകനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന് യു.എ.ഇ പൊതുമാപ്പിന് നന്ദി പറഞ്ഞ് പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശി വൈശാഖ് സുരേന്ദ്രനാണ് പൊതുമാപ്പിലൂടെ എക്സിറ്റ് പെർമിറ്റ് നേടി നാട്ടിലെത്തിയത്. ഒമ്പത് വയസ്സുകാരനായ മകനെ കാണാനായത് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായി കരുതുന്നതായി വൈശാഖ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഏക മകനാണ് ആരുഷ്.
അബൂദബിയിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിച്ചുവരുകയായിരുന്നു വൈശാഖ്. അഞ്ചാം ക്ലാസിലാണ് ആരുഷ് പഠിക്കുന്നത്. 2009ലാണ് വൈശാഖ് യു.എ.ഇയിലെത്തിയത്. ഹെല്‍പറായാണ് തുടക്കം. പിന്നീട് സെയില്‍സ്മാനായും ശേഷം സ്വന്തം ബിസിനസ് തുടങ്ങുകയും ചെയ്തു. ബിസിനസ് പങ്കാളി പിന്‍വാങ്ങിയതോടെ സാമ്പത്തിക നഷ്ടമുണ്ടായി. ഇതിനിടെ വിവാഹിതനായ ഇദ്ദേഹത്തിന് 2015ല്‍ മകന് പിറന്നു.
പിന്നീട് അബൂദബിയില്‍ തിരിച്ചെത്തി. അതിനിടെ ബന്ധു വൈശാഖിന്റെ കമ്പനിയില്‍നിന്ന് ഗാരന്റി ചെക്ക് വാങ്ങി ധനസമാഹരണം നടത്തി. ഈ ചെക്കുകള്‍ മടങ്ങിയതോടെ വൈശാഖ് ജയിലില്‍ ആവുകയായിരുന്നു. കമ്പനിയുടെ ലൈസന്‍സ് പുതുക്കാനാവാതെ വന്നതോടെ പിഴത്തുകയും വര്‍ധിച്ചു. 40,000ത്തിലേറെ ദിര്‍ഹമാണ് കേസുകളിലും മറ്റുമായി അടക്കാനുണ്ടായിരുന്നത്.
അബൂദബിയിലെ ദുരിതകാലത്ത് അര്‍ഷാദ് അബ്ദുല്‍ അസീസ്, അഹമ്മദ് ഫാരിസ്, സമീര്‍ കല്ലറ എന്നീ കൂട്ടുകാരാണ് വൈശാഖിന് തുണയായത്. ബാല്യകാലം മുതലേ തനിക്ക് വൈശാഖിനെ അറിയാമെന്നും വാടകയും ഭക്ഷണവും മറ്റു ചെലവുകളും അടക്കം നല്കി തങ്ങള്‍ അവനെ സംരക്ഷിക്കുകയായിരുന്നുവെന്നും സമീര്‍ കല്ലറ പറയുന്നു. കൂട്ടുകാരാണ് നാട്ടിലേക്ക് മടങ്ങുന്ന വേളയില്‍ വൈശാഖിന് ഷോപ്പിങ്ങിന് പണം നല്കിയതും.
കേസുകള്‍ തീര്‍ക്കാനാവശ്യമായ പണം നല്‍കിയത് മിരാ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അജയ് ചൗഹാനാണ്. വൈകാതെ യു.എ.ഇയിലേക്ക് മടങ്ങാനും പുതിയ ജോലി തരപ്പെടുത്താമെന്നുമുള്ള പ്രതീക്ഷയിലാണ് വൈശാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.