ഷാർജ: പുതുതായി ചുമതലയേറ്റ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഷാർജ, അജ്മാൻ ഭരണാധികാരികളെ സന്ദർശിച്ചു. സാഹോദര്യബന്ധം പുതുക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീംകൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽനുഐമി എന്നിവരെ വെള്ളിയാഴ്ച സന്ദർശിച്ചത്.
വെള്ളിയാഴ്ച മുതൽ മൂന്നുദിവസം ഖസ്ർ അൽദൈദിൽ പൗരന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്. പ്രസിഡന്റിനെ കാണാനും അഭിവാദ്യം ചെയ്യാനും ആഗ്രഹിക്കുന്ന പൗരന്മാർ അൽ ദൈദ് ക്ലബിൽ രജിസ്റ്റർ ചെയ്യുകയും അൽഹുസ്ൻ ആപ്പിൽ 'ഗ്രീൻ സ്റ്റാറ്റസ്' കാണിക്കുകയും വേണം.
അൽബദീഅ് പാലസിലാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നത്. ഇരുവരും രാജ്യവുമായും പൗരന്മാരുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങി നിരവധി പ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായി.
അജ്മാൻ റൂലേഴ്സ് കോർട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദും അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദും വിവിധ വിഷയങ്ങൾ സംസാരിച്ചു. പൗരന്മാർക്ക് എപ്പോഴും യു.എ.ഇ മുൻഗണന നൽകുമെന്നും നിലവിലുള്ളതും ഭാവിയിലെയും പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് പൗരന്മാരാണെന്നും ഇരുവരും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.