ദുബൈ: യു.എ.ഇയിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പും മോശം വകുപ്പുകളും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
മികച്ചതും മോശവുമായ അഞ്ച് വകുപ്പുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. മികച്ചവരുടെ പട്ടികയിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഒന്നാം സ്ഥാനം നേടി. യു.എ.ഇയിലേക്കുള്ള യാത്ര അനുമതി ഉൾപ്പെടെ നൽകുന്ന ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) ആണ് രണ്ടാമത്. മോശം പ്രകടനം നടത്തിയവരുടെ പട്ടികയുടെ തലപ്പത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ്. മൂന്ന് മാസം മുമ്പാണ് ജനങ്ങൾക്കും അഭിപ്രായ പ്രകടനം നടത്താമെന്ന നിർദേശം ശൈഖ് മുഹമ്മദ് മുന്നോട്ടുവെച്ചത്. മോശം പ്രകടനം കാഴ്ചവെച്ചവർക്ക് പ്രകടനം മെച്ചപ്പെടുത്താൻ 90 ദിവസത്തെ സമയമുണ്ടെന്നും അതിന് ശേഷം പുനഃപരിശോധന നടത്തുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 55,000 ഉപഭോക്താക്കളാണ് വോട്ട് രേഖപ്പെടുത്തിയത്. 30 സർക്കാർ ഏജൻസികളെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സർക്കാർ വകുപ്പുകൾ നൽകുന്ന 1300ഓളം ഡിജിറ്റൽ സർവിസുകൾ വിലയിരുത്തി. ഡിജിറ്റൽ ചാനലുകളിലൂടെ സർക്കാർ സർവിസുകൾ എത്രമാത്രം ഫലവത്തായി ലഭിക്കുന്നുണ്ട് എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അഭിപ്രായ ശേഖരണം നടത്തിയതും പട്ടിക തയാറാക്കിയതും. ഫീസ് അടക്കാനുള്ള സൗകര്യം, സേവനങ്ങളുടെ കൃത്യത, അപേക്ഷകളുടെ പൂർത്തീകരണം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം തവണയാണ് യു.എ.ഇയിലെ സർക്കാർ സേവനങ്ങൾക്ക് മാർക്കിടുന്നത്. 2019 സെപ്റ്റംബറിലായിരുന്നു ശൈഖ് മുഹമ്മദ് ആദ്യമായി പ്രഖ്യാപനം നടത്തിയത്. ഫുജൈറ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തപ്പോൾ ഷാർജ എമിറേറ്റ്സ് പോസ്റ്റായിരുന്നു ഏറ്റവും മോശം പ്രകടനം നടത്തിയ വകുപ്പ്.
മികച്ച സർക്കാർ ഏജൻസികൾ
* ആഭ്യന്തര മന്ത്രാലയം
* ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ)
* വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം
* കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം
* കമ്യൂണിറ്റി ഡെവലപ്മെൻറ് മന്ത്രാലയം
മോശം സർക്കാർ ഏജൻസികൾ
* വിദ്യാഭ്യാസ മന്ത്രാലയം
* ഫെഡറൽ ടാക്സ് അതോറിറ്റി
* സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി
* ജനറൽ അതോറിറ്റി ഫോർ പെൻഷൻസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി
* ഊർജ, അടിസ്ഥാന വികസന മന്ത്രാലയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.