ദുബൈ: യു.എ.ഇ ടൂർ സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന റോഡിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
സൈക്ലിങ് നടന്ന ബുകാദര റൗണ്ട് എബൗട്ട് മുതൽ പാംജുമൈറ വരെയുള്ള യാത്രക്കിടെയാണ് ശൈഖ് മുഹമ്മദ് ആശംസയുമായി എത്തിയത്. സൈക്കിൾ താരങ്ങൾക്ക് നേരെ കൈയുയർത്തിയും അഭിവാദ്യമർപ്പിച്ചും അദ്ദേഹം ആശംസകൾ നേർന്നു. ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോട്ടോകോൾ വിഭാഗം ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലീമാനും ഒപ്പമുണ്ടായിരുന്നു.
യു.എ.ഇയിലെ യുവജനതയും അന്താരാഷ്ട്ര താരങ്ങളും ഇത്തരമൊരു കായികമത്സരത്തിൽ പങ്കെടുക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈക്ലിങ് അതികഠിനമായ മത്സരമാണ്.
ശാരീരിക ക്ഷമതയും ആരോഗ്യവും ആഗ്രഹവും ഉണ്ടെങ്കിൽ മാത്രമെ ഇത്തരം ലോകടൂർണമെൻറിൽ പങ്കെടുക്കാൻ കഴിയൂ. രാജ്യത്തിെൻറ ഭൂരിപക്ഷം പ്രദേശങ്ങളിലും സഞ്ചരിക്കുന്ന ടൂർണമെൻറ് സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രചോദനമേകുന്ന നേതാവിനെ ലോകത്ത് വേറെ എവിടെ കാണാൻ കഴിയും എന്നാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. ശൈഖ്മുഹമ്മദ് സൈക്കിൾ താരങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തിനൊപ്പം ''ഇത് സമയം ഉച്ചക്ക് ഒരുമണിയാണെന്നും ദുബൈയിലെ ഏറ്റവും തിരക്കേറിയ നഗരമാണെന്നും'' അദ്ദേഹം കുറിച്ചു.
ദുബൈ: യു.എ.ഇ വേൾഡ് ടൂറിെൻറ ആറാം സ്റ്റേജിലും സാം െബന്നറ്റ് ജേതാവായി. എലിയ വിവിയാനി, പാസ്കൽ അക്കർമാൻ എന്നിവരെ പിന്തള്ളിയാണ് സാം ബെന്നറ്റ് ജേതാവായത്. നാലാം സ്റ്റേജിലും ബെന്നറ്റായിരുന്നു ഒന്നാമൻ. ദുബൈ നഗരത്തിലൂടെ 165 കിലോമീറ്ററായിരുന്നു ആറാം സ്റ്റേജ്. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മണിക്കൂറിൽ 46.613 കിലോമീറ്റർ വേഗതയിൽ കുതിച്ചുപാഞ്ഞ സാം ബെന്നറ്റ് 3.32.23 മണിക്കൂറിൽ ഫിനിഷിങ് ലൈൻ തൊട്ടു. അതേസമയം, ഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ യു.എ.ഇ ടീം എമിറേറ്റ്സിെൻറ താരം തദെജ് പൊഗാകർ ലീഡ് തുടരുകയാണ്. ആദം യാറ്റ്സ്, ജൊആവോ അൽമെയ്ദ എന്നിവർ തൊട്ടുപിന്നാലെയുണ്ട്. ഇന്നാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുന്നത്. ഇന്ന് അബൂദബിയിൽ നടക്കുന്ന ഏഴാം സ്റ്റേജായിരിക്കും ചാമ്പ്യൻമാരെ നിശ്ചയിക്കുന്നത്. 147 കിലോമീറ്റർ ദൈർഘ്യം വരുന്ന സ്റ്റേജ് യാസ് മാളിൽനിന്ന് തുടങ്ങി അബൂദബി ബാക്ക്വാട്ടറിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.