ദുബൈ: സ്വർണ മരുഭൂമികളും ഉച്ചിയിലേക്ക് തലയുയർത്തി നിൽക്കുന്ന പർവതശിഖരങ്ങളും സമൃദ്ധിയൊരുക്കുന്ന പച്ചപ്പും തീർക്കുന്ന യു.എ.ഇയുടെ പ്രകൃതിസൗന്ദര്യത്തെ ദൃശ്യവത്കരിച്ച് 'എത്ര മനോഹരം എെൻറ രാജ്യം' എന്നപേരിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മനോഹരമായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ലോകത്തിന് മുന്നിൽ ഇമാറാത്തിെൻറ സൗന്ദര്യം പ്രദർശിപ്പിച്ച വിഡിയോ നിമിഷങ്ങൾക്കകം ലോകം ഏറ്റെടുത്തതോടെ ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് വൈറലായി. പ്രകൃതിദൃശ്യങ്ങൾക്കൊപ്പം സാംസ്കാരിക പൈതൃകവും ചരിത്രത്തിലെ അടയാളങ്ങളും ഇടംപിടിച്ച വിഡിയോയാണ് പുറത്തിറക്കിയത്.വേൾഡ് കൂളസ്റ്റ് വിൻറർ ചലഞ്ചിന് പ്രോൽസാഹനമേകാനും യു.എ.ഇയുടെ കാഴ്ചകളിലേക്ക് ലോകത്തെ ക്ഷണിക്കുന്നതിനുമാണ് ശൈഖ് മുഹമ്മദ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് കൊട്ടിയടച്ച വാതിലുകൾ അതിവേഗം തുറന്ന് അതിജീവനത്തിെൻറ പുതിയ പാത തീർക്കുന്നതിൽ യു.എ.ഇ കൈവരിച്ച നേട്ടം വിനോദസഞ്ചാരികൾക്ക് വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യു.എ.ഇ പൂർണമായും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഇതിെൻറ വിളംബരം കൂടിയാണ് ടൂറിസം രംഗത്ത് കുതിപ്പിനൊരുങ്ങുന്ന രാജ്യം നടത്തിയിരിക്കുന്നത്. വേൾഡ് കൂളസ്റ്റ് വിൻറർ ചലഞ്ച് പ്രഖ്യാപിച്ച് ടൂറിസത്തിന് പ്രോത്സാഹനമേകാൻ ചലഞ്ചിനെ മുന്നിൽ നിന്ന് നയിച്ച ശൈഖ് മുഹമ്മദ് ആഭ്യന്തര ടൂറിസത്തിന് കുതിപ്പ് പകരാൻ ലോകത്തെ നേരത്തേതന്നെ ക്ഷണിച്ചിരുന്നു. ദുബൈയിലെ മനോഹരമായ ഹത്തയിലേക്ക് സൈക്കിളിലും നടന്നും യാത്ര നടത്തിയാണ് ദുബൈ ഭരണാധികാരി വിനോദ സഞ്ചാരികൾക്ക് സ്വാഗതമരുളിയത്. എെൻറ രാജ്യത്തെ ടൂറിസം ഏറ്റവും സുന്ദരമാണെന്നും ഈ നാട്ടിലെ വിനോദസഞ്ചാരത്തിന് നൽകുന്ന പിന്തുണ ഇവിടെയുള്ള ജനങ്ങൾക്ക് നൽകുന്ന പിന്തുണക്ക് തുല്യമാണെന്നും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാൽ സമ്പന്നമായ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളും മറഞ്ഞിരിക്കുന്ന മറ്റു അത്ഭുതങ്ങളും മറനീക്കി പുറത്തുകൊണ്ടു വരാനുള്ളതാണ് വേൾഡ് കൂളസ്റ്റ് വിൻറർ ചലഞ്ച്.
ഏഴ് എമിറേറ്റുകളിലും മറഞ്ഞിരിക്കുന്ന അതിശയങ്ങൾ കണ്ടെത്താൻ ആളുകളെ ക്ഷണിക്കുകയാണ് ചലഞ്ച്.
കൂടാതെ 45 ദിവസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ഓരോ എമിറേറ്റുകളെയും വേർതിരിക്കുന്ന ലാൻഡ്‌മാർക്കുകളും ആകർഷണങ്ങളും ഉയർത്തിക്കാട്ടാനും ഇത് ലക്ഷ്യമിടുന്നു. ഒരൊറ്റ ലക്ഷ്യസ്ഥാനമായി യു.എ.ഇയെ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.
2030ഓടെ ആഭ്യന്തര വിനോദസഞ്ചാരത്തിനായി ചെലവഴിക്കുന്ന 41.2 ബില്യൺ ദിർഹം (11.2 ബില്യൺ ഡോളർ) ഇരട്ടിയാക്കലും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ പരിപോഷിപ്പിക്കലും വിശാലമായ പദ്ധതിയുടെ ഭാഗമാണിത്. ആഭ്യന്തര ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്കായി രാജ്യം വീണ്ടും തുറക്കുകയാണ്. എക്സ്പോ 2020 കൂടി സമാഗതമാകുന്നതോടെ ടൂറിസം രംഗത്ത് വൻകുതിപ്പിനാണ് രാജ്യം തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.