ദുബൈ: ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നുള്ള ജനതക്ക് ആതിഥ്യമരുളുന്ന യു.എ.ഇയുടെ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഗ്ലോബൽ വില്ലേജ് സന്ദർശനം ശ്രദ്ധേയമായി. മുന്നറിയിപ്പുകളില്ലാതെ വെളളിയാഴ്ച ഉച്ച തിരിഞ്ഞ് ഗ്ലോബൽ വില്ലേജിലെത്തിയ ശൈഖ് മുഹമ്മദ് ഒാരോ പവലിയനുകളും കയറിയിറങ്ങി കരകൗശല വസ്തുക്കളും കലാപരിപാടികളും ആസ്വദിച്ചു. വിവിധ നാടുകളിൽ നിന്നെത്തിയ കച്ചവടക്കാരുടെ വർത്തമാനങ്ങളും അവരുടെ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിശേഷണങ്ങളും സാകൂതം കേട്ടു നിന്നു. ദേശങ്ങളുടെ സംസ്കാരം സംഗമിക്കുന്ന ഗ്ലോബൽ വില്ലേജ് ആശയത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
കുവൈത്ത് പവലിയനിലാണ് ശൈഖ് മുഹമ്മദ് ആദ്യമെത്തിയത്. യമൻ, സൗദി, ഇന്ത്യ, തായ്, ആഫ്രിക്കൻ പവലിയനുകളിലും സന്ദർശിച്ചു. ഭക്ഷ്യ വിഭവങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും അദ്ദേഹം എത്തി വിലയിരുത്തി. യു.എ.ഇയുടെ തനതു പലഹാരമായ ലുഖീമിയത്ത് തയ്യാറാക്കുന്ന സ്റ്റാളും സന്ദർശിച്ചു. കലാ സാംസ്കാരിക പൈതൃക പ്രവർത്തനങ്ങളുടെ കേന്ദ്രമായ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്. ദുബൈ പ്രോേട്ടാക്കോൾ ഹോസ്പിറ്റാലിറ്റി വിഭാഗം ഡി.ജി ഖലീഫ സഇൗദ് സുലൈമാൻ, ദുബൈ ഹോൾഡിങ്സ് ചെയർമാൻ അബ്ദുല്ലാ അഹ്മദ് അൽ ഹബ്ബാഇ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് നടപ്പിലാക്കാൻ നിർദേശിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടവെ ഇവിടം കുട്ടികൾക്കും കൂടുംബങ്ങൾക്കും ഒരുപോലെ ആനന്ദകരമായ ഇടമായി മാറിയതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഷോപ്പിങ് ഫെസ്റ്റിവൽ കാലയളവിൽ മാത്രം നടന്നുവന്ന ഗ്ലോബൽ വില്ലേജ് ആറു മാസമായി ദീർഘിപ്പിച്ചതും ശൈഖ് മുഹമ്മദിെൻറ നിർദേശാനുസരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.