ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ടെർമിനൽ മൂന്നിലെ നവീകരണ പ്രവർത്തനങ്ങളും സൗകര്യങ്ങളും അദ്ദേഹം നേരിൽ കണ്ട് വിലയിരുത്തി. വിമാനത്താവളത്തിലെ എല്ലാ ഡിപ്പാർട്മെന്റുകളിലും ദൈനംദിന ജോലികൾ എങ്ങനെ നടക്കുന്നുവെന്നും മനസ്സിലാക്കി. വിമാനത്താവളത്തിൽ വിപുലീകരിച്ചിട്ടുള്ള വിവിധ സേവനങ്ങൾക്ക് പുറമെ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്നതിനുള്ള പ്രോട്ടോകോളുകളും ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു.
കൂടാതെ വിമാനത്താവളത്തിന്റെ വിവിധ സെഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കുകയും യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. യാത്രക്കാർക്ക് വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ടെർമിനൽ മൂന്നിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ ബന്ധപ്പെട്ടവരെ അഭിനന്ദിക്കുകയും ചെയ്തു. ഭാവിയിലേക്കുള്ള നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്കാരിക സംഗമ സ്ഥലമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ കാര്യത്തിൽ ഉയർന്ന തലത്തിലുള്ള മികവ് നൽകുന്നതിനും നിരന്തരം ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ തലാൽ ഹുമൈദി ബെൽഹൂൽ, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. അതേസമയം, 2024ന്റെ ആദ്യ പാദത്തിൽ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8.4 ശതമാനം വർധിച്ച് 23 ദശലക്ഷമായാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.