ദുബൈ: മാതൃദിനത്തിൽ സ്വന്തം മാതാവിന്റെ സ്നേഹവും വാത്സല്യവും അനുസ്മരിക്കുന്ന കവിത രചിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സമൂഹ മാധ്യമങ്ങളിൽ വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്ത കവിതയിൽ മാതാവ് ശൈഖ ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദ് ആൽ നെഹ്യാന്റെ മരണത്തിന് 40വർഷത്തിനുശേഷവും അവരുടെ അസാന്നിധ്യത്തിന്റെ വേദന അനുഭവിക്കുന്നതായി അദ്ദേഹം പറയുന്നു. ഏറ്റവും മനോഹരിയും അനുകമ്പയും സൗമ്യതയും നിറഞ്ഞവരും തന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്നവരുമായിരുന്നു അവരെന്ന് കവിതയിൽ പറയുന്നു.
മാതാവുമായുള്ള ബന്ധം സംബന്ധിച്ച് ശൈഖ് മുഹമ്മദ് നേരത്തേയും വളരെ വികാരനിർഭരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ആത്മകഥയായ 'ഖിസ്സത്തീ'യിൽ ശൈഖ ലത്വീഫയുടെ സ്നേഹവും പരിഗണനയും പിതാവുമായുള്ള ബന്ധവുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. 1983ൽ അവർ മരണപ്പെട്ടപ്പോൾ ദുബൈ നഗരം മുഴുവൻ കരഞ്ഞതായും തനിക്ക് കണ്ണീരടക്കാൻ സാധിക്കാതെപോയ ദിവസമായിരുന്നു അതെന്നും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. യു.എ.ഇയിലും മറ്റ് അറബ് രാജ്യങ്ങളിലും മാതൃദിനം ആചരിച്ചത് തിങ്കളാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.