അബൂദബി: യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ് മുഹമ്മദിന് എലീസി കൊട്ടാരത്തിൽ പ്രത്യേക സ്വീകരണവും ഒരുക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും ദീർഘകാലമായി നിലനിൽക്കുന്ന തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും വിപുലീകരിക്കാനും അവസരമായിരിക്കും സന്ദർശനം. ലോകം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ നേരിടുന്നതിന് യോജിച്ച് നീങ്ങുന്നതിന്‍റെ സാധ്യതകൾ നേതാക്കൾ പരസ്പരം പങ്കുവെക്കും. ഊർജം, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, സംസ്കാരം, വിദ്യാഭ്യാസം, ബഹിരാകാശം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുന്നതിന് ആലോചനയുള്ളത്. മേഖലയിലെ സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടി പരസ്പരം സഹകരിക്കുന്ന പ്രഖ്യാപനങ്ങളുമുണ്ടായേക്കും.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ വിയോഗത്തെ തുടർന്ന് മേയ് 14നാണ് ശൈഖ് മുഹമ്മദിനെ യു.എ.ഇ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം വികസന മേഖലയിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.