ദുബൈ: തിന്മക്കെതിരെ നന്മ നേടിയ വിജയത്തെ നിറദീപങ്ങൾ തെളിച്ച് ആഘോഷിക്കുന്ന ദീപാവലി നാളിൽ ഹൃദയം തൊടുന്ന ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. "യു.എ.ഇയിലെ ജനങ്ങൾക്കുവേണ്ടി, ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. പ്രത്യാശയുടെ വെളിച്ചം നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ"-ഇങ്ങനെയായിരുന്നു ദീപാവലി ആഘോഷിക്കുന്ന യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് ശൈഖ് മുഹമ്മദ് ആശംസ സന്ദേശമായി ട്വിറ്ററിൽ കുറിച്ചത്.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ അതിജാഗ്രതയോടെ, ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ദുബൈയിലെയും മറ്റു എമിറേറ്റുകളിലെയും ഇന്ത്യൻ പ്രവാസി സമൂഹം ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത്. ആൾക്കൂട്ടങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെ, എന്നാൽ എല്ലായിടത്തും പ്രഭ പരത്തുന്ന വിളക്കുകൾ തെളിച്ച് അതിഗംഭീരമായി തന്നെയാണ് ഇത്തവണയും ആഘോഷം നടക്കുന്നത്. രാജ്യത്ത് ഇന്ത്യൻ സമൂഹം ആഘോഷിക്കുന്ന വലിയ ഉത്സവങ്ങളിലൊന്നായതിനാൽ തന്നെ ദീപാവലി ആഘോഷം സംബന്ധിച്ച് ഉറപ്പുവരുത്തേണ്ട മുൻകരുതൽ സംബന്ധിച്ച് നേരത്തേ തന്നെ അധികൃതർ കൃത്യമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതു പൂർണമായും പാലിച്ചുതന്നെയാണ് ഇന്ത്യൻ സമൂഹം ആഘോഷം തുടരുന്നത്.
ഈ വർഷം അസാധാരണമാണ്. പക്ഷേ, ഞങ്ങൾ ഉത്സാഹം നിലനിർത്താൻ ശ്രമിക്കുകയാണ്. സാധാരണയായി ഞങ്ങൾ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും സമ്മാനങ്ങൾ കൈമാറുകയും പാർട്ടികൾ നടത്തുകയും ചെയ്യുന്നു. പക്ഷേ, ഇത്തവണ അത്തരം കൂടിച്ചേരലുകളൊന്നുമില്ല. ഞങ്ങൾ പുറത്തുപോകുന്നില്ല. ഞങ്ങൾക്കുവേണ്ടി ഞങ്ങൾ തന്നെ സമ്മാനങ്ങളും മധുരപലഹാരങ്ങളും വാങ്ങുന്നു -ആഘോഷം തുടരുന്ന ഒരു ഇന്ത്യക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.