ദുബൈ: പരസ്പരം യോജിച്ച പ്രവർത്തനവും ഭാവിയിലേക്കുള്ള അവസരങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള നേതൃപരമായ സമീപനവുമാണ് ആഗോള മത്സര സൂചകങ്ങളിൽ യു.എ.ഇക്ക് ഉയർന്ന റാങ്ക് നിലനിർത്താൻ വഴിയൊരുക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. ദുബൈ യൂനിയൻ ഹൗസിൽ ചേർന്ന വ്യവസായ പ്രമുഖർ, നിക്ഷേപകർ, മുതിർന്ന ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ തലവന്മാർ, പ്രാദേശിക പ്രമുഖർ എന്നിവരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മേഖലകളിലെ വികസന ശ്രമങ്ങൾ കൂടുതൽ മികവിനായുള്ള പരിശ്രമങ്ങൾക്ക് ശക്തമായ പ്രോത്സാഹനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ യുവാക്കളുടെ നൂതനമായ ചിന്തയും ഉയർന്ന യോഗ്യതയുള്ള ടീമുകളുടെ സമർപ്പണവും കൊണ്ട് ഈ നേട്ടം കൈവരിക്കാനുള്ള ആത്മവിശ്വാസമുണ്ട്. ദുബൈയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും മികച്ച ഭാവി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു. വികസന മുന്നേറ്റത്തിൽ സ്വകാര്യ മേഖലയുടെ സുപ്രധാനമായ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സ്വകാര്യ മേഖലയിൽ വിശ്വാസമർപ്പിക്കുന്നതോടൊപ്പം അതിന്റെ വിജയത്തിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുനൽകുന്നുണ്ട്.
ദുബൈയുടെ അഭിവൃദ്ധിയുടെ അവിഭാജ്യഘടകമാണ് സ്വകാര്യ മേഖലകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, മറ്റ് വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.