ദുബൈ: യു.എ.ഇയിൽ മന്ത്രിയാകാൻ താൽപര്യമുള്ള യുവപ്രതിഭകളിൽനിന്ന് അപേക്ഷ ക്ഷണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ച് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുകയും ചെയ്തു. ഏഴു മണിക്കൂറിനകം 4700 അപേക്ഷകൾ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന് ലഭിച്ചുവെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി.
യുവജനങ്ങളെ പ്രതിനിധാനം ചെയ്യുകയും പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ സാധിക്കുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യു.എ.ഇ മന്ത്രിസഭയിൽ യുവജനമന്ത്രിയാക്കും. അപേക്ഷിക്കുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് ആഴത്തിൽ അറിവുണ്ടായിരിക്കണം.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമായിരിക്കുന്നതോടൊപ്പം സ്വരാജ്യത്തെ സേവിക്കുന്നതിന് അഭിലാഷമുള്ളവരായിരിക്കണം -ശൈഖ് മുഹമ്മദ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
അപേക്ഷകൾ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിലേക്ക് അയക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അടുത്തതലമുറയെ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയുടെ സുതാര്യമായ സമീപനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
വരുംതലമുറയിലേക്ക് മികച്ച നേതാക്കളെ വളർത്തിയെടുക്കുന്നതിന് യു.എ.ഇ സർക്കാർ മുൻഗണനയാണ് നൽകുന്നത്. യുവാക്കൾ രാജ്യത്തിന് വളരെ പ്രധാനമാണെന്ന് ഭരണാധികാരികൾ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂയിയെ 2016ൽ 22ാം വയസ്സിൽ നിയമിച്ചിരുന്നു.
യുവജനകാര്യ സഹമന്ത്രിയായിട്ടായിരുന്നു നിയമനം. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ നാമനിർദേശം ചെയ്ത യുവാക്കളുടെ കൂട്ടത്തിൽനിന്നാണ് ശമ്മ ബിൻത് സുഹൈൽ തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.