അബൂദബി: പുതിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളുടെ അബൂദബിയിൽ നടന്ന യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരം പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ നേതാക്കള്‍ അഭിനന്ദനങ്ങളുമായി രംഗത്തു വന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പുതിയ പ്രസിഡന്റിന് ആശംസ അർപ്പിച്ചുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ പറഞ്ഞു. തന്റെ ദീർഘകാല സുഹൃത്ത് ശൈഖ് മുഹമ്മദിന്റെ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുന്നതായും യു.എ.ഇ അമേരിക്കയുടെ ഒഴിച്ചുകൂടാനാകാത്ത പങ്കാളിയാണെന്നും താന്‍ വൈസ് പ്രസിഡന്റായിരിക്കെ അബൂദബിയുടെ ഭരണാധികാരിയായിരുന്ന ശൈഖ് മുഹമ്മദുമായി പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ഏറെ മുൻപന്തിയിലാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുകയും എമിറേറ്റ്സിന്റെ പുരോഗതിയുടെയും സമൃദ്ധിയുടെയും യാത്ര തുടരാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നതായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അല്‍ സീസി പ്രസ്താവനയിൽ പറഞ്ഞു.
ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും പ്രത്യേക സന്ദേശങ്ങളിലൂടെ ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശൈഖ് മുഹമ്മദിനും യു.എ.ഇക്കും അഭിനന്ദനങ്ങൾ അറിയിച്ചു. യു.എ.ഇ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ ശൈഖ് മുഹമ്മദിന് അയച്ച അഭിനന്ദന സന്ദേശത്തിൽ വിശേഷിപ്പിച്ചു.
സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു. ഏറ്റവും ആത്മാർഥമായ സാഹോദര്യത്തിന് അഭിനന്ദനങ്ങളെന്നും സല്മാന് രാജാവ് സന്ദേശം അയച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ കഴിയട്ടെയെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം, കുവൈത്ത് അമീർ ശൈഖ് നവാഫ്, ബഹ്റൈനിലെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ്, ഖത്തര്‍ അമീര്‍ തമീം ബിൻ ഹമദ് ആൽഥാനി, ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല, പ്രധാനമന്ത്രി ശൈഖ് ഖാലിദ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ്, ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി തുടങ്ങി ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളും യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.