അബൂദബി: ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിൽനിന്നും എമിറേറ്റുകളിൽനിന്നും ഭരണാധികാരികളും പ്രതിനിധികളും എത്തി. അബൂദബിയിലെ ഖസ്ർ അൽ മുഷ്രിഫിലെ മജ്ലിസിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സന്ദർശിച്ചാണ് അനുശോചനം അറിയിക്കുന്നത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫോൺ വിളിച്ച് ശൈഖ് മുഹമ്മദിനെ സൽമാൻ രാജാവിന്റെ അനുശോചനം അറിയിച്ചു. ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് പ്രതിനിധികൾ നേരിട്ടെത്തിയാണ് രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത്.
പാകിസ്താൻ പ്രസിഡന്റ് ശഹബാസ് ശരീഫ് വെള്ളിയാഴ്ച വൈകീട്ട് അബൂദബിയിലെത്തി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും രാവിലെയും വൈകീട്ടുമായി നടന്ന അനുശോചന മജ്ലിസിൽ എത്തി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യാഴാഴ്ച തന്നെ അനുശോചനം അറിയിക്കുന്നതിന് എത്തിയിരുന്നു.
സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി തുടങ്ങിയവരും മുഷ്രിഫ് കൊട്ടാരത്തിൽ നേരിട്ടെത്തി അനുശോചനമറിയിച്ചു.
ശൈഖ് മുഹമ്മദിനൊപ്പം യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവരും പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.