ഷാർജ: അറബി ഭാഷയുടെ വികാസം, വ്യാപനം, അത് മറ്റു ഭാഷകളിൽ ചെലുത്തിയ സ്വാധീനം, പദസമ്പത്ത് തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ എട്ട് വാല്യങ്ങൾ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ പുസ്തകമേളയിൽ പുറത്തിറക്കി. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടം മുതൽ ഇസ്ലാമിക യുഗം, അബ്ബാസിയ ഖിലാഫാത്, ദേശീയ രാഷ്ട്രങ്ങളുടെ വികസനം, ആധുനിക കാലം വരെയുള്ള ചരിത്രത്തിലെ അഞ്ച് വ്യത്യസ്ത കാലഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറബി ഭാഷയുടെ 17 നൂറ്റാണ്ടുകളുടെ വികസനം ഗ്രന്ഥങ്ങൾ വിവരിക്കുന്നു.
പദങ്ങളുടെ ചരിത്രം ഇസ്ലാമിക കാലത്തിന് മുമ്പും ശേഷവും വേർതിരിച്ച് വിശദീകരിക്കുന്നു. ജീവനുള്ള ഭാഷയുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഗ്രന്ഥങ്ങളെ സവിശേഷമാക്കുന്നത്. കൂടാതെ വിശുദ്ധ ഖുർആൻ, ഹദീസ്, കവിതകൾ, പ്രസംഗങ്ങൾ, അക്ഷരങ്ങൾ, മറ്റ് ഉറവിടങ്ങൾ എന്നിവയിൽ നിന്നുള്ള ഉദ്ധരണികളുമുണ്ട്. അറബി ഭാഷയുടെ വികാസം രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ 1936 മുതലുള്ളതാണ്. എന്നാൽ, ആദ്യ അക്ഷരത്തിലെ ചില എൻട്രികൾ പൂർത്തിയാക്കിയ ശേഷം മുടങ്ങി. പുസ്തകങ്ങളുടെ പ്രകാശനത്തോടെ, 80 വർഷത്തിലധികം പഠനങ്ങൾ നടത്തിയ ലോകത്തിലെ ആദ്യത്തെ നഗരമായി ഷാർജ മാറി.
അറബി അക്ഷരമാലയിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന കോർപ്പസിെൻറ ആദ്യ എട്ട് വാല്യങ്ങൾ പ്രസിദ്ധീകരിച്ചതായി ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചു. അടുത്ത വർഷങ്ങളിൽ അറബി ഭാഷ പഠിതാക്കൾ, ഗവേഷകർ, പണ്ഡിതന്മാർ എന്നിവർ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വലിയ ഭാഷാ ശേഖരം ആസ്വദിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് വാല്യങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി വളരെക്കാലമായി എെൻറ മനസ്സിലുണ്ട്. മുമ്പത്തെ ശ്രമങ്ങൾക്ക് വിവിധ കാരണങ്ങളാൽ വിജയം കാണാൻ കഴിഞ്ഞില്ലെന്ന് അറിഞ്ഞപ്പോൾ അതിനെ പിന്തുണക്കാനുള്ള എെൻറ താൽപര്യം വർധിച്ചു. പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും വിജയകരമായി മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ദൈവത്തിെൻറ ഉദാരതക്കും പദ്ധതിയിൽ പ്രവർത്തിച്ച ആത്മാർഥതയുള്ള പണ്ഡിതന്മാരുടെ അചഞ്ചലമായ പരിശ്രമത്തിനും നന്ദി രേഖപ്പെടുത്തുന്നതായും ഷാർജ ഭരണാധികാരി വ്യക്തമാക്കി.
അറബ് ലോകത്തെ 10 അറബി ഭാഷാ അക്കാദമികളിൽ നിന്നുള്ള നൂറുകണക്കിന് മുതിർന്ന ഗവേഷകരും ഭാഷാശാസ്ത്രജ്ഞരും എഡിറ്റർമാരും വിദഗ്ധരും പദ്ധതിയിൽ സഹകരിച്ചിട്ടുണ്ട്. ഈജിപ്ത് കൈറോയിലെ യൂനിയൻ ഓഫ് അറബ് സയൻറിഫിക് ലാംഗ്വേജ് അക്കാദമിയുടെയും ഷാർജയിലെ അറബി ലാംഗ്വേജ് അക്കാദമിയുടെയും മേൽനോട്ടത്തിൽ ആറ് വർഷത്തിനുള്ളിൽ മുഴുവൻ കോർപ്പസും പൂർത്തിയാക്കാൻ ടീം പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.