അബൂദബി: ശൈഖ് സായിദ് ഫാൽക്കൻ റിലീസ് പ്രോഗ്രാമിെൻറ ഭാഗമായി യു.എ.ഇ 86 ഫാൽക്കൻ പക്ഷികളെ കസാഖ്സ്താൻ വനത്തിൽ വിട്ടു. 51 പെരെഗ്രിൻ, 35 സാക്കർ ഫാൽക്കനുകളെയാണ് വനത്തിൽ സ്വതന്ത്രമായി വിട്ടയച്ചത്. അതിജീവനം, പ്രജനനം, ദേശാടന മാർഗങ്ങൾ എന്നിവ നിരീക്ഷിക്കാൻ 11 പക്ഷികളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ 1995 ൽ നടപ്പാക്കിയ ഫാൽക്കൻ റിലീസ് പദ്ധതി പ്രകാരം ഇതുവരെ 2,088 ഫാൽക്കണുകളെ കാട്ടിലേക്ക് മടക്കി അയച്ചു.
റഷ്യയിൽനിന്ന് ശൈത്യകാലങ്ങളിൽ മറ്റു മേഖലകളിലേക്ക് പോകുന്ന ദേശാടനപ്പക്ഷികളുടെ സഞ്ചാര പാതയിലെ പ്രധാന സ്റ്റോപ്പാണ് കസാഖ്സ്താൻ. വിശാലമായ പുൽപ്രദേശങ്ങൾ, തടാകങ്ങൾ, പർവതങ്ങൾ എന്നിവിടങ്ങളിൽ താറാവ്, എലി, മുയൽ എന്നിവയെ ഫാൽക്കൻ പക്ഷികൾ വേട്ടയാടുന്നതും പതിവാണ്. അബൂദബി പരിസ്ഥിതി ഏജൻസിയുടെ കീഴിലുള്ള ഇൻറർനാഷനൽ ഫണ്ട് ഫോർ കൺസർവേഷൻ ഓഫ് ഹൊബൂറ, വെറ്ററിനറി സേവനങ്ങൾ ഏറ്റെടുക്കുന്ന അബൂദബി ഫാൽക്കൺ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ഫാൽക്കൻ റിലീസ് പരിപാടി നടപ്പാക്കിയത്. യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഈ പരിപാടിയെ പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.