അബൂദബി: പുതുവര്‍ഷ രാവില്‍ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തി ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതി. കരിമരുന്ന് പ്രകടനം, ഡ്രോണ്‍ ഷോ, ലൈറ്റ്-ലേസര്‍ ഷോകള്‍ അടക്കമുള്ളവയാണ് അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് അരങ്ങേറുക. വൈകീട്ട് ആറിന് കരിമരുന്ന് പ്രകടനം ആരംഭിക്കും. പിന്നീടുള്ള ഓരോ മണിക്കൂറിലും മറ്റു പരിപാടികളും അരങ്ങേറും.
പുതുവര്‍ഷപ്പിറവി നടക്കുന്ന 12ന് 53 മിനിറ്റിലേറെ നീളുന്ന കരിമരുന്ന് പ്രകടനത്തിന് തുടക്കമാവും. ദൈര്‍ഘ്യം, തുടര്‍ച്ച, വിവിധ രൂപങ്ങള്‍ തീര്‍ക്കല്‍ എന്നിങ്ങനെ നിരവധി ലോക റെക്കോഡുകള്‍ ഈ കരിമരുന്ന് പ്രകടനം തിരുത്തിക്കുറിക്കും. രാത്രി 11.40ന് ആറായിരം ഡ്രോണുകള്‍ അണിനിരക്കുന്ന ഷോ തുടങ്ങും. ഹാപ്പി ന്യൂ ഇയര്‍ എന്ന ഇംഗ്ലീഷ് വാചകം ഡ്രോണുകള്‍ ആകാശത്ത് തീര്‍ക്കുന്നതോടെ മറ്റൊരു ലോക റെക്കോഡ് കൂടി അബൂദബിയില്‍ പിറക്കും.
എമിറേറ്റ്സ് ഫൗണ്ടന് സ്റ്റേജില്‍ അതിമനോഹരമായ ലേസര്‍, ലൈറ്റ് ഷോയും അരങ്ങേറും. 80 നൂതന ലേസര്‍ സംവിധാനങ്ങളാണ് ഇതിനായി സജ്ജമാക്കുക. ഒരുലക്ഷത്തിലേറെ ബലൂണുകളും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ നിന്ന് ആകാശത്തേക്ക് പറത്തും. ഉച്ചക്ക് രണ്ടിന് പൈതൃക ഗ്രാമ ചത്വരത്തില്‍ വിവിധ ബാന്‍ഡുകളുടെ പരിപാടികള്‍ തുടങ്ങും. ഫെസ്റ്റിവല്‍ വേദിയിലെ പരിപാടികള്‍ മിഴിവോടെ സന്ദര്‍ശകരിലേക്കെത്തിക്കാന്‍ മൂവായിരത്തിലേറെ ഡിജിറ്റല്‍ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ടുമുതലാണ് ഫെസ്റ്റിവല്‍ വേദിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.