അബൂദബി: ശൈത്യകാലത്തെ പ്രധാന ആഘോഷമായ ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് നവംബര്‍ 17ന് ആരംഭിക്കും. അല്‍വത്ബയില്‍ 2024 മാര്‍ച്ച് ഒമ്പത് വരെയായിരിക്കും ഫെസ്റ്റിവല്‍ അരങ്ങേറുകയെന്ന് സംഘാടക സമിതി അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെയും രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
സാംസ്കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികള്‍ മേളയുടെ ഭാഗമായി അരങ്ങേറും. ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമാറാത്തി നാഗരികതയെ ശക്തിപ്പെടുത്തുക, ഭാവിതലമുറകളിലേക്ക് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പകരുക തുടങ്ങിയവക്കാണ് ഫെസ്റ്റിവല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ കമ്മിറ്റി വെളിപ്പെടുത്തിയിട്ടില്ല.
മുന്‍കാലങ്ങളിലേതുപോലെ തന്നെ ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷന്‍സ് പവിലിയനുകള്‍, ഫണ്‍ഫെയര്‍ സിറ്റി, ചില്‍ഡ്രന്‍സ് സിറ്റി, ആര്‍ട്ട് ഡിസ്ട്രിക്ട്, ഗോ കാര്‍ട്ടിങ് മത്സരങ്ങള്‍, ക്രേസി കാര്‍, ഗ്ലോ ആന്‍ഡ് ഫ്ലവര്‍ ഗാര്ഡന്, സെല്‍ഫി സ്ട്രീറ്റ്, ഡെസര്‍ട്ട് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രദര്‍ശനങ്ങളും ഷോകളും അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകത്തിലെ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ ഉയർത്തുന്നതിൽ ഫെസ്റ്റിവലിന് വലിയ പങ്കുണ്ട്. യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം ആകർഷിക്കുന്ന വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.