അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവലിന് നവംബര്‍ 18ന് അബൂദബി അല്‍ വത്ബയില് തുടക്കമാവും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 750 പ്രധാനപ്പെട്ട പൊതുപരിപാടികള്‍ക്കു പുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറുമെന്ന് സംഘാടക സമിതി അറിയിച്ചു. 2023 മാര്‍ച്ച് 18നാണ് ഫെസ്റ്റിവലിന് കൊടിയിറങ്ങുന്നത്. യു.എ.ഇ ദേശീയ പൈതൃക സംരക്ഷണ സന്ദേശങ്ങള്‍ പകരുന്നതിലാവും ഫെസ്റ്റിവലിന്റെ മുഖ്യ ശ്രദ്ധയെന്നും സമിതി വിശദീകരിച്ചു. ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. 'യു.എ.ഇ: നാഗരികതയെ ഏകീകരിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അല്‍ വത്ബയില് ശൈഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക.
ലോകത്തിലെ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോത്സാഹിപ്പിക്കുന്നതിലും ഫെസ്റ്റിവലിന് പങ്കുണ്ടാവും. യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം ആകർഷിക്കുന്ന പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അരങ്ങേറുക. ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയുടെ സംസ്കാരവും പൈതൃകവും അടുത്തറിയുന്നതിന് അവസരമുണ്ടാകുമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.