അബൂദബി: കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച് ആഗോള സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിലുള്ള സ്ഥാനം അരക്കിട്ടുറപ്പിച്ച് അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ഹീബ്രൂ, മാന്ഡറിന്, കൊറിയന്‍, സ്പാനിഷ് ഭാഷകള്‍ക്കു പുറമെ ആംഗ്യഭാഷയിലും സഞ്ചാരികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കിയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സഞ്ചാരികള്‍ക്ക് സംതൃപ്തി പകരുന്നത്.
മസ്ജിദ് സമുച്ചയത്തിലെ ഓരോ ഡിസൈനിനും പിന്നിലുള്ള ഇസ് ലാമിക വാസ്തുശില്പരീതിയും സാംസ്കാരിക വശങ്ങളും പാരമ്പര്യവുമൊക്കെ സന്ദര്‍ശകർക്ക് ബോധ്യപ്പെടുത്തി നല്കാന് അധികൃതര്ക്കാവുന്നുണ്ട്. സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തില്‍ ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
യു.എ.ഇയിലെ സാംസ്കാരിക ടൂറിസം രംഗത്ത് ശൈഖ് സായിദ് മസ്ജിദ് വഹിക്കുന്ന നിര്‍ണായക പങ്ക് വെളിവാക്കുന്നതടക്കമുള്ള പരിപാടികളായിരുന്നു ഇതിന്റെ ഭാഗമായി അരങ്ങേറിയത്. 14 ഭാഷകളിലായി ഒരുക്കിയ വെര്‍ച്വല്‍ ടൂര്‍ വാഗ്ദാനം ചെയ്യുന്ന അല്‍ ദലീല് എന്ന മള്‍ട്ടി മീഡിയ ഗൈഡും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍ സജ്ജമാക്കിയിരുന്നു.
പതിവ് സന്ദര്ശനസമയത്തിനു പുറമെ രാത്രി 10 മുതല്‍ രാവിലെ ഒമ്പതു വരെ നീളുന്ന സൂറ എന്ന രാത്രി സന്ദര്‍ശനത്തിനും കേന്ദ്രത്തില്‍ സൗകര്യമുണ്ട്. പ്രതിവര്‍ഷം 70 ലക്ഷത്തോളം സന്ദര്‍ശകരെത്തുന്ന ശൈഖ് സായിദ് മസ്ജിദ് മേഖലയിലെയും ലോകത്തിലെ തന്നെ മുന്‍നിര വിനോദ സഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.