അബൂദബി: ലോകത്തെ മികച്ച സാംസ്കാരിക, ചരിത്ര പ്രാധാന്യമുള്ള ഇടമായി ശൈഖ് സായിദ് മോസ്കിനെ തിരഞ്ഞെടുത്ത് ട്രാവൽ, ടൂറിസം കമ്പനിയായ ട്രിപ് അഡ്വൈസർ. വിവിധ രാജ്യക്കാരായ 80 ലക്ഷത്തോളം യാത്രികരുടെ ഡേറ്റ കാർഡുകൾ വിശകലനം ചെയ്താണ് ട്രിപ് അഡ്വൈസർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2024ൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ യു.എ.ഇയിലാണെന്ന് ട്രിപ് അഡ്വൈസർ 2024 റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ ഏറ്റവും ആകർഷണീയമായ കേന്ദ്രമാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്.
ആഗോള തലത്തിൽ പത്താം റാങ്കും പശ്ചിമേഷ്യയിൽ ഒന്നാം റാങ്കുമാണ് ശൈഖ് സായിദ് മസ്ജിദിന്. ആകെ 25 കേന്ദ്രങ്ങളെയാണ് ട്രിപ് അഡ്വൈസർ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഏറ്റവും സവിശേഷമായ അനുഭവ വിഭാഗത്തിൽ ശൈഖ് സായിദ് മസ്ജിദിന് ആഗോള തലത്തിൽ 17ാം റാങ്കും പശ്ചിമേഷ്യയിൽ രണ്ടാം റാങ്കുമാണുള്ളത്. സാംസ്കാരിക, ചരിത്ര അനുഭവ വിഭാഗത്തിൽ മസ്ജിദിന് ആഗോള തലത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കി.
നേതാക്കളുടെ വിശാല കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് ശൈഖ് സായിദ് മോസ്കിന്റെ ആഗോള നേട്ടമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് ഡയറക്ടർ ജനറൽ ഡോ. യൂസുഫുൽ ഉബൈദി പ്രതികരിച്ചു.
സന്ദർശകർക്ക് നവ്യാനുഭവം ഒരുക്കുന്നതിനായി അഞ്ചു വർഷത്തെ അധികൃതരുടെ തന്ത്രപ്രധാന ആസൂത്രണത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250ലേറെ യോഗ്യരായ യുവാക്കളാണ് സന്ദർശകർക്ക് മോസ്ക് സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ച് നൽകാനായി നിയോഗിതരായിരിക്കുന്നത്. വർഷത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 ലക്ഷത്തിലേറെ സന്ദർശകരാണ് മസ്ജിദിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.