ദുബൈ: വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പായുന്ന ദുബൈയിലെ ശൈഖ് സായിദ് റോഡ് ഒരിക്കൽകൂടി സൈക്കിളുകളാൽ നിറഞ്ഞു. ലോകത്തെ വ്യത്യസ്ത രാജ്യക്കാരായ ആയിരങ്ങൾ അണിനിരന്ന ദുബൈ റൈഡ് വീണ്ടും ചരിത്രം കുറിച്ച് പര്യവസാനിച്ചു. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൈഡ് ഞായറാഴ്ച അതിരാവിലെയാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ റൈഡിൽ അണിചേർന്നു. 6.15 മുതൽ 8.15 വരെയായിരുന്നു റൈഡ്. ഫാമിലി, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റൈഡ് നടന്നത്. ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമായിരുന്നു. കൂടുതൽ പേർ പങ്കെടുത്തത് ഫാമിലി റൈഡിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
12 കി.മീറ്റർ റൈഡ് മ്യൂസിയം ഓഫ് ഫ്യൂചർ, അൽ സത്വ, കൊക്കൊകോള അരീന, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങിൽനിന്നാണ് ആരംഭിച്ചത്. 4 കി.മീറ്റർ റൈഡ് ദുബൈയിലെ ഡൗൺടൗണിൽ നിന്നും ആരംഭിച്ചു. രണ്ട് റൂട്ടുകളും ദുബൈ മാളിന് സമീപത്തായാണ് അവസാനിച്ചത്. ശൈഖ് സായിദ് റോഡ് നിറഞ്ഞുകവിഞ്ഞ റൈഡർമാരുടെ സാന്നിധ്യം മനോഹരമായ ദൃശ്യവിരുന്നു കൂടിയായിരുന്നു.
സൈക്കിളുകളും ഇ-ബൈക്കുകളുമാണ് റൈഡർമാർ ഉപയോഗിച്ചത്. ദുബൈ റൈഡ് നടക്കുന്നതിനാൽ പുലർച്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ഈ സമയങ്ങളിൽ ശൈഖ് സായിദ് റോഡ് വഴി സഞ്ചരിക്കേണ്ടവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നേരത്തെ നിർദേശിച്ചിരുന്നു. അൽ ഹാദിഖ സ്ട്രീറ്റ്, അൽ വസ്ൽ സ്ട്രീറ്റ്, അൽഖൈൽ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, സഅബീൽ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, സെക്കനഡ് സഅബീൽ സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് എന്നിവയാണ് യാത്രക്കാർ ഉപയോഗിച്ചത്. ദുബൈ റൈഡ് കഴിഞ്ഞ ഉടൻതന്നെ ശൈഖ് സായിദ് റോഡ് യാത്രക്കാർക്കായി തുറക്കുകയും ചെയ്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ചും ദുബൈ റൈഡും നടക്കുന്നത്. ചലഞ്ചിന്റെ ഏഴാം എഡിഷൻ ഒക്ടോബർ 28 മുതൽ നവംബർ 26 വരെ ഒരു മാസക്കാലളവാണ് നീണ്ടുനിൽക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ ആരംഭിച്ച സംരംഭമാണിത്. ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് ഒഴിഞ്ഞുവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിലെ വ്യത്യസ്തങ്ങളായ പരിപാടികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ദുബൈ റൈഡ്. മറ്റൊരു പ്രധാന ഇവന്റായ ദുബൈ റൺ നവംബർ 26നാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.