ദുബൈ: ഈ പത്രം നിങ്ങളുടെ കൈകളിലേക്കെത്തുേമ്പാൾ ദുബൈ ശൈഖ് സായിദ് റോഡിെൻറ നിരത്തുകളിൽ സൈക്കിളുകൾ ഒാടിത്തുടങ്ങിയിട്ടുണ്ടാവും. ചീറിപ്പായുന്ന വാഹനങ്ങൾ മാത്രം കണ്ട് പരിചയിച്ച ശൈഖ് സായിദ് റോഡ് ഇന്നാദ്യമായി സൈക്കിളുകളെയും ഏറ്റുവാങ്ങുന്നു. പുലർച്ച നാല് മുതൽ രാവിലെ എട്ട് വരെയാണ് റോഡ് സൈക്ലിങ് പ്രേമികൾക്കായി തുറന്നിടുന്നത്. ഈ സമയത്ത് മറ്റ് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡ് ൈസക്കിൾ യാത്രക്കാർക്കായി അനുവദിക്കുന്നത്.
120 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് ദുബൈയിലെ സൈക്കിൾ പ്രേമികളുടെ സ്വപ്നങ്ങളിൽ നിന്ന് ഏറെ അകലെയായിരുന്നു. സൈക്കിളുകൾക്ക് പ്രവേശനമില്ലാത്ത നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ശൈഖ് സായിദ് റോഡ്. ഇതുവഴി സൈക്കിൾ ചവിട്ടാൻ കൊതിക്കാത്ത സൈക്കിൾ പ്രേമികൾ അപൂർവമായിരിക്കും. ഇത്തരക്കാരുടെ നിരാശ മാറ്റാനുള്ള അവസരമൊരുക്കുകയാണ് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കഴിഞ്ഞദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടാൻ കഴിയുന്നവർക്ക് സ്വന്തം സൈക്കിളുമായി എത്തിയാൽ ശൈഖ് സായിദ് റോഡിെൻറ സൗന്ദര്യം ആവോളം ആസ്വദിക്കാം. www.dubairide.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി.
14 നിരകളുള്ള ഹൈവേയിലൂടെ ദുബൈ വേൾഡ് ട്രേഡ് സെൻറർ, ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ കനാൽ എന്നിവ താണ്ടിയാണ് യാത്ര. രണ്ട് വിഭാഗമായി തിരിച്ചായിരിക്കും സൈക്ലിങ് നടക്കുക. നാല് കിലോമീറ്റർ ഫാമിലി റൈഡിൽ അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോലെവാർദിന് സമീപമായിരിക്കും ഇവർക്കുള്ള റൂട്ട്. ഫോട്ടോ എടുക്കാൻ നിരവധി സാധ്യതകളുള്ള പ്രദേശമാണിത്. 14 കിലോമീറ്റർ ഓപൺ റൈഡിൽ 13 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ കനാൽ, ശൈഖ് സായിദ് റോഡ് എന്നിവ വഴിയാണ് ഇവരുടെ യാത്ര. നഗരത്തെ സൈക്കിൾ സൗഹൃദമാക്കാനാണ് ദുബൈ സർക്കാറിെൻറ ലക്ഷ്യം. ദുബൈയിൽ 425 കിലോമീറ്റർ സൈക്കിൾ പാതയുണ്ട്. 2025ഓടെ ഇത് 647 കിലോമീറ്ററായി ഉയർത്താനാണ് തീരുമാനം.
പങ്കെടുക്കുന്നവർ ശ്രദ്ധിക്കാൻ
www.dubairide.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇതുവഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് പ്രവേശന കവാടത്തിൽ കാണിക്കണം. ക്യൂ.ആർ കോഡില്ലാതെയെത്തുന്ന 13 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. 13 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളെ ഒരു രക്ഷിതാവിന് കൊണ്ടുവരാം. ഫാമിലി റൈഡിനും ഓപൺ റൈഡിനും നിശ്ചയിച്ച പ്രദേശങ്ങളിൽ മാത്രമേ പ്രവേശനമുണ്ടാകൂ.
സ്വന്തം സൈക്കിൾ നിർബന്ധം. വാടക സൈക്കിൾ ലഭ്യമല്ല. മുഴുസമയവും ഹെൽമെറ്റ് നിർബന്ധം. ട്രാക്കിലേക്ക് പ്രവേശിക്കുന്നത് വരെയും പുറത്തിറങ്ങിയ ശേഷവും മാസ്ക് നിർബന്ധം. റൂട്ടുകളിൽ കുടിവെള്ളം ലഭിക്കും.
പാർക്കിങ്
പങ്കെടുക്കാൻ എത്തുന്നവർക്ക് പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പർ ഫിനാൻഷ്യൽ സെൻറർ റോഡ് വഴി എത്തുന്നവർക്ക് ദുബൈ മാൾ, സബീൽ പാർക്കിങ് എന്നിവ ഉപയോഗപ്പെടുത്താം. അൽ മുഷ്തഖ്ബാൽ, സബീൽ 2 സ്ട്രീറ്റ് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് വേൾഡ് ട്രേഡ് സെൻറർ പാർക്കിങ്ങിലെത്താം.
വാഹന യാത്രക്കാരുടെ ശ്രദ്ധക്ക്
സൈക്കിളുകൾക്കായി തുറന്നുകൊടുക്കുന്നതിനാൽ വെള്ളിയാഴ്ച പുലർച്ച നാല് മുതൽ രാവിലെ എട്ട് വരെ ശൈഖ് സായിദ് റോഡ് വഴി യാത്ര അനുവദിക്കില്ല. റോഡിെൻറ ഇരുവശവും അടക്കും. ട്രേഡ് സെൻറർ റൗണ്ട് എബൗട്ട് മുതൽ സെക്കൻഡ് ഇൻറർസെക്ഷൻ വരെയാണ് അടച്ചിടുക.
ശൈഖ് സായിദ് റോഡ് വഴി പോകേണ്ടവർ അൽ ഖൈൽ റോഡ് വഴി പോകണം. ലോവർ ഫിനാൻഷ്യൽ സെൻറർ വഴിയുള്ള യാത്രക്കാർക്ക് അപ്പർ ഫിനാൻഷ്യൽ സെൻറർ റോഡ് ഉപയോഗിക്കാം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോലേവാദ് യാത്രക്കാർ ബുർജ് ഖലീഫ റോഡിലൂടെ തിരിഞ്ഞുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.