അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മൂന്നു മാസം നീണ്ടുനിന്ന ശൈഖ് സായിദ് സാംസ്കാരികോത്സവം അൽ വത്ബയിൽ സമാപിച്ചു. ആഗോള സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും ആസ്വദിക്കാനും പഠിക്കാനും അവസരമൊരുക്കിയാണ് ഇത്തവണത്തെ ഫെസ്റ്റിവൽ കൊടിയിറങ്ങിയത്.
ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ഒത്തുചേരലിെൻറയും സംസ്കാരങ്ങളുടെയും നാടോടിക്കഥകളുടെയും ഭക്ഷ്യ വിഭവങ്ങളുടെ രുചിക്കൂട്ടുകളുടെയും കൈമാറ്റത്തിനും സാംസ്കാരികോത്സവം അവസരം പകർന്നു. ഗൾഫ്, അറബ്, അന്തർദേശീയ ടീമുകൾ അവതരിപ്പിച്ച ആയിരക്കണക്കിന് വൈവിധ്യമാർന്ന കലാ പ്രകടനം, നാടോടി പരിപാടികൾ, 49ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചും നടന്ന രണ്ട് ഗിന്നസ് ലോക റെക്കോഡുകൾ തകർത്ത കരിമരുന്നു പ്രയോഗം എന്നിവ സന്ദർശകർ ആസ്വദിച്ചു. എമിറേറ്റ്സ് ഫൗണ്ടൻ ഷോകളും മത്സരങ്ങളും അൽ വത്ബ കസ്റ്റം ഏരിയയിൽ എല്ലാ ദിവസവും പ്രദർശിപ്പിച്ചു. ഇൻറർനാഷനൽ തീം പാർക്കിലും കിഡ്സ് നാഷനൽ വേൾഡ് സോണിലും കുട്ടികൾക്കായി നൂറുകണക്കിന് കലാ പ്രകടനങ്ങൾ, സംവേദനാത്മക വർക്ക്ഷോപ്പുകൾ, ആവേശകരവും രസകരവുമായ ഗെയിമുകൾ, മത്സരങ്ങൾ, റാഫിളുകൾ, വിലയേറിയ സമ്മാനങ്ങൾ എന്നിവ ഉത്സവ നഗരിയിലെത്തിയ കുടുംബങ്ങൾക്കും കുട്ടികൾക്കും ഹരം പകർന്നു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നിർദേശാനുസരണം ഫെസ്റ്റിവൽ സുപ്രീം സംഘാടക സമിതി ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്യാൻ സാംസ്കാരികോത്സവം വിജയകരമാക്കാൻ നേതൃത്വം നൽകി. വെല്ലുവിളികൾക്കിടയിലും മൂന്നു മാസം പൈതൃക സാംസ്കാരിക പരിപാടികൾ ആസ്വദിക്കാൻ വിവിധ മേഖലകളിൽ നിന്ന് ഒട്ടേറെ സന്ദർശകരെത്തിയതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.